സിനിമ സെറ്റുകളിലുണ്ടാകുന്ന മോശം അനുഭവങ്ങളെപ്പറ്റിയുള്ള കഥകൾ പലരും തുറന്ന് പറയാറുണ്ട്. ഇപ്പോഴിതാ സഹതാരങ്ങളുടെ മോശം പെരുമാറ്റത്തോടുള്ള തന്റെ സമീപനം തുറന്നുപറയുകയാണ് നടി മാല പാർവതി. കൗമുദി ടി.വിക്ക് നൽകിയ അഭിമുഖത്തിലാണ് നടി മനസ് തുറന്നത്.
നടന്മാരുടെ സ്പർശനമൊക്കെ താൻ കോമഡിയാക്കുമെന്ന് മാല പാർവതി പറഞ്ഞു. ഇത്തരക്കാർക്ക് തലയ്ക്ക് സുഖമില്ലാത്തതിന് നമ്മൾ എന്ത് ചെയ്യാനാണ്. ഒരുപാട് പേരല്ല, ഒന്നോ രണ്ടോ പേരാണ് അങ്ങനെയൊക്കെ ചെയ്തിട്ടുള്ളത്. പരാതിപ്പെട്ടിട്ടില്ലെന്നും പാവം അപ്പാവികളെന്നും പരിഹാസരൂപേണ നടി പറഞ്ഞു.
'തമിഴ് നിന്നാണ് ഇത്തരത്തിൽ ആദ്യമായി ഇത്തരം അനുഭവം ഉണ്ടാകുന്നത്. ഡയലോഗിനിടെ ഒരു നടൻ മോശമായി സ്പർശിച്ചു. ഹാൻഡ് മൂമെന്റ്സ് ഒഴിവാക്കി ഒന്നൂടെ ചെയ്യാമെന്ന് അയാൾ പറഞ്ഞു. ഹാൻഡ് മൂമെന്റ്സ് എന്ന് പറഞ്ഞാൽ അയാൾ എന്നെ കേറി പിടിച്ചതാണ്. അന്ന് ഞാൻ ഭയങ്കര അപ്‌സറ്റായി. അന്ന് മുഴുവൻ കരഞ്ഞു. ഇപ്പോ ഇതെനിക്ക് കോമഡിയാണ്. ഒരാൾ എത്ര ബോറനായത് കൊണ്ടാണ് ഇങ്ങനെ പെരുമാറുന്നത്'- മാല പാർവതി കൂട്ടിച്ചേർത്തു.
