
ഊണിനൊപ്പെം അച്ചാർ, അത് മിക്കവാറും മലയാളികൾക്ക് നിർബന്ധമാണ്. അതുകൊണ്ട് തന്നെ കേരളത്തിലെ വീടുകളിൽ ഏതെങ്കിലും ഒരു അച്ചാർ പതിവായിരിക്കും. മാങ്ങ, നാരങ്ങ, ഇഞ്ചി, നെല്ലിക്ക എന്നിവ ഉപയോഗിച്ചുണ്ടാക്കുന്ന അച്ചാറുകളാണ് കൂടുതലും മലയാളികൾ പരീക്ഷിക്കുന്നത്. എന്നാൽ ഇവയിൽ നിന്ന് വ്യത്യസ്തമായി പഴവർഗങ്ങളിലെ ഒരു ഇനംവച്ച് അച്ചാർ പരീക്ഷിച്ചാലോ?
പഴവർഗങ്ങളിലെ കുഞ്ഞനായ മുന്തിരി വച്ചാണ് സ്വാദിഷ്ടമായ ഈ അച്ചാർ ഉണ്ടാക്കുന്നത്. പച്ചമുന്തിരി അച്ചാറിന്റെ പാചകവിധി എങ്ങനെയാണെന്ന് നോക്കാം.
ആദ്യം നല്ല വൃത്തിയായി കഴുകിയ പച്ചമുന്തിരി ചെറിയ കഷ്ണങ്ങളായി അരിഞ്ഞു വയ്ക്കണം. പിന്നാലെ ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി കടുകും ഉലുവയും വറുക്കണം. ഇതിലേക്ക് കറിവേപ്പില ഇഞ്ചി വെളുത്തുള്ളി പച്ചമുളക് എന്നിവ ചതച്ചത് ചേർത്ത് നന്നായി വഴറ്റണം. ഇതിലേക്ക് ആവശ്യത്തിന് മുളകുപൊടി, മഞ്ഞൾപ്പൊടി, കായപ്പൊടി എന്നിവ ചേർത്തിളക്കണം.
ഇതിലേക്ക് ആവശ്യത്തിന് ഉപ്പും വിനാഗിരിയും ചേർക്കണം. ശേഷം നേരത്തെ അരിഞ്ഞുവച്ചിരുന്ന പച്ചമുന്തിരി ചേർത്ത് മസാല നല്ലപോലെ മുന്തിരിയിൽ ചേരുംവരെ ഇളക്കണം. കുപ്പിയിലോ ഭരണിയിലോ മാറ്റി ഒരു ദിവസത്തിന് ശേഷം ഉപയോഗിച്ചുതുടങ്ങാം.