
ഭോപ്പാൽ : ഐപിഎൽ വാതുവെപ്പിനായി 24 കുടുംബങ്ങളുടെ സേവിംഗ്സ് ഡെപ്പോസിറ്റ് ഉപയോഗിച്ച പോസ്റ്റുമാസ്റ്റർ അറസ്റ്റിൽ. ഒരു കോടിയോളം രൂപയാണ് ഇയാൾ തട്ടിയെടുത്ത് വാതുവയ്പ്പിൽ ഇറക്കിയ ഇയാൾക്ക് മുഴുവൻ തുകയും നഷ്ടമാവുകയായിരുന്നു. മദ്ധ്യപ്രദേശിലെ സാഗർ ജില്ലയിലെ ബിനാ പോസ്റ്റ് ഓഫീസിലെ സബ് പോസ്റ്റ് ഓഫീസ് പോസ്റ്റ്മാസ്റ്റർ വിശാൽ അഹിർവാറാണ് ഈ കടുംകൈ ചെയ്തത്. പോസ്റ്റ്മാസ്റ്റർ തങ്ങളെ കബളിപ്പിച്ചെന്ന് കാട്ടി നിരവധി പേർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇതേ തുടർന്ന് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
പോസ്റ്റ് ഓഫീസ് സ്ഥിരനിക്ഷേപത്തിനായി ആളുകൾ നൽകിയ പണമാണ് പോസ്റ്റുമാസ്റ്റർ തട്ടിയെടുത്തത്. പാസ് ബുക്കിൽ പണം നൽകിയ വിവരങ്ങൾ രേഖപ്പെടുത്തിയിരുന്നെങ്കിലും നിക്ഷേപകരുടെ പണം അവരുടെ അക്കൗണ്ടുകളിലേക്ക് ഒരിക്കലും പോയിട്ടില്ലെന്ന് കണ്ടെത്തി. രണ്ട് വർഷമായി ഇയാൾ ഇത്തരം തട്ടിപ്പുകൾ തുടരുകയായിരുന്നു. മുമ്പും സാമ്പത്തിക ക്രമക്കേടുകൾ നടത്തിയതിന് അഹിർവാർ ശിക്ഷാ നടപടികൾ നേരിട്ടിട്ടുണ്ട്. പണം പിൻവലിക്കാൻ നിക്ഷേപകർ എത്തിയതോടെയാണ് പോസ്റ്റുമാസ്റ്ററുടെ തട്ടിപ്പ് പുറത്തായത്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഐപിഎല്ലിൽ വാതുവെപ്പിനായി രണ്ട് കോടിയിലധികം രൂപ ഇയാൾ ചെലവഴിച്ചതായി മൊഴി നൽകിയിട്ടുണ്ട്. ഇന്ത്യയിൽ വാതുവെപ്പ് നിയമവിരുദ്ധമാണെങ്കിലും ഇത്തരം സംഭവങ്ങൾ വ്യാപകമാണ്. കഴിഞ്ഞ ഞായറാഴ്ച ഡൽഹി പോലീസ് രാജ്യതലസ്ഥാനത്ത് ഐപിഎൽ വാതുവെപ്പ് റാക്കറ്റിനെ പിടികൂടിയിരുന്നു.