
മാംഗോ മാഗിയുണ്ടാക്കിയ പുകില് അവസാനിക്കുന്നതിന് മുൻപേ അടുത്ത മാഗി പരീക്ഷണം സമൂഹമാദ്ധ്യമങ്ങളിൽ നിറയുകയാണ്. മിക്കവർക്കും മാഗി വെറുമൊരു ഭക്ഷണമല്ല. കുട്ടിക്കാലത്തെ ഓർമകളും മറ്റും കോർത്തിണക്കി നമ്മുടെ ഇഷ്ടവിഭവമായി ഇന്നും തുടരുന്ന മാഗിയിലെ പുതിയ പരീക്ഷണം ഭക്ഷണപ്രേമികളെ ഒന്നാകെ ഞെട്ടിച്ചിരിക്കുകയാണ്. ഇത്തവണ മാഗി ഉണ്ടാക്കുന്നത് ചായയിലാണ്. കേട്ടപ്പോഴെ വിചിത്രമായി തോന്നുന്നില്ലേ?
ഒരു തെരുവോര ഭക്ഷണവിൽപ്പന ശാല നടത്തുന്നയാളാണ് മാഗിയിൽ വളരെ വിചിത്രമായ പരീക്ഷണം നടത്തുന്നത്. ദി ഗ്രേറ്റ് ഇന്ത്യൻ ഫുഡ്ഡി എന്ന ഇൻസ്റ്റാഗ്രാം പേജിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ആദ്യം ചായപ്പൊടി ഉപയോഗിച്ച് ചായയുണ്ടാക്കിയതിന് ശേഷം ചായ അരിച്ചെടുത്ത് അതിൽ മാഗി മസാലയോടൊപ്പം ഇട്ട് ഉണ്ടാക്കുന്നു. ഇതിലേക്ക് ചീസ് ചേർത്താണ് വിൽക്കുന്നത്.
ചായയുടെ രുചിയെ എന്തിന് അപമാനിക്കുന്നുവെന്നും ആഹാരം പാഴാക്കരുതെന്നുമൊക്കെയാണ് വീഡിയോയ്ക്ക് ലഭിക്കുന്ന കമന്റുകൾ. മാഗി നിങ്ങളോട് എന്ത് തെറ്റാണ് ചെയ്തത്? കുട്ടിക്കാലം മുതലുള്ള കൂട്ടുകാരിയാണ് എന്നാണ് ഒരാളുടെ കമന്റ്. ദൈവത്തെ പേടിക്കൂ എന്നാണ് രസകരമായ മറ്റൊരു കമന്റ്.