
തിരുവനന്തപുരം: കൊവിഡിന്റെ അതിതീവ്ര ഘട്ടം പിന്നിട്ട് സജീവമായ ഒരു അദ്ധ്യയന വർഷത്തിലേക്ക് കടക്കുകയാണ് വിദ്യാർത്ഥികൾ. ജൂൺ 1ന് കഴക്കൂട്ടം ഗവ. ഹയർ സെക്കന്ററി സ്‌കൂളിൽ രാവിലെ 9.30ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.
42,90000 കുട്ടികളും 1,80507 അദ്ധ്യാപകരും 24,798 അനദ്ധ്യാപകരും സ്‌കൂളുകളിലേക്കെത്തുകയാണ്. സ്‌കൂളുകളുടെ അറ്റകുറ്റപ്പണികൾ മെയ് 27 നകം പൂർത്തിയാക്കണമെന്ന് മന്ത്രി നിർദേശിച്ചു. സ്കൂളുകൾ തുറക്കുന്നതിനു മുന്നോടിയായി സമ്പൂർണ്ണ ശുചീകരണം നടത്തണം. ഇഴജന്തുക്കളുടെ സാന്നിദ്ധ്യമില്ലായെന്ന് ഉറപ്പുവരുത്തണം. കുടിവെള്ള ടാങ്ക്, കിണറുകൾ, മറ്റു ജലസ്രോതസ്സുകൾ എന്നിവ നിർബന്ധമായും ശുചീകരിക്കണം- എന്നിങ്ങനെയാണ് മന്ത്രി നിർദേശം നൽകിയത്.
വിദ്യാഭ്യാസ ജില്ലാ ഉപജില്ലാ തലങ്ങളിൽ ആവശ്യമായ യോഗങ്ങൾ വിളിച്ചു ചേർത്ത് മുന്നൊരുക്ക പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കണം. പ്രവേശനോത്സവം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ സ്‌കൂൾ പ്രിൻസിപ്പാൾ അല്ലെങ്കിൽ ഹെഡ്മാസ്റ്റർമാരുടെ നേതൃത്വത്തിൽ സ്‌കൂളിനെ ഒറ്റ യൂണിറ്റായി കണ്ടാണ് സംഘടിപ്പിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.
സ്‌കൂൾ കെട്ടിടോത്ഘാടനം
2016ൽ പിണറായി വിജയൻ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം അഞ്ഞൂറോളം സ്‌കൂൾ കെട്ടിടങ്ങളാണ് പുതുതായി നിർമ്മിച്ചു
ഉദ്ഘാടനം ചെയ്യപ്പെട്ടത്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്‌കൂളുകളുടെ ഭൗതിക നിലവാരം ഉയർത്തുന്നതിന്റെ ഭാഗമായാണ് വിവിധ ഫണ്ടുകൾ ഉപയോഗിച്ച് സ്‌കൂൾ കെട്ടിടങ്ങൾ നിർമ്മിച്ചത്.
രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് പുതുതായി ഉദ്ഘാടനം ചെയ്യപ്പെട്ടത് 145 സ്‌കൂളുകളാണ്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ തുടർച്ചയായുള്ള വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി രണ്ടാം പിണറായി സർക്കാർ നിലവിൽ വന്നതിന് ശേഷം മൂന്നാംഘട്ടത്തിൽ 75 സ്‌കൂൾ കെട്ടിടങ്ങൾ കൂടി ഉദ്ഘാടനം ചെയ്യപ്പെടാൻ പോവുകയാണ്.
മുഖ്യമന്ത്രി പിണറായി വിജയൻ മെയ് 30ന് വൈകിട്ട് 3.30ന് വട്ടിയൂർക്കാവ് ഗവൺമെന്റ് വൊക്കേഷണൽ ആന്റ് ഹയർ സെക്കന്ററി സ്‌കൂളിൽ സംസ്ഥാനതല ഉത്ഘാടനം നിർവ്വഹിക്കും. അന്ന് തന്നെ എല്ലാ ജില്ലകളിലും ഇതേസമയം പ്രാദേശിക ചടങ്ങുകൾ നടക്കും. ഉദ്ഘാടനം ചെയ്യുന്ന 75 സ്‌കൂൾ കെട്ടിടങ്ങളിൽ 5 കോടി കിഫ് ബി ധനസഹായത്തോടെയുള്ള 9 സ്‌കൂൾ കെട്ടിടങ്ങളും 3 കോടി കിഫ്ബി ധനസഹായത്തോടെയുള്ള 16 സ്‌കൂൾ കെട്ടിടങ്ങളും 1 കോടി കിഫ്ബി ധന സഹായത്തോടെയുള്ള 15 സ്‌കൂൾ കെട്ടിടങ്ങളും പ്ലാൻ ഫണ്ടും മറ്റു ഫണ്ടുകളും ഉപയോഗിച്ച്
കൊണ്ട് നിർമ്മിച്ച 35 സ്‌കൂൾ കെട്ടിടങ്ങളും ഉൾപ്പെടുന്നു.
മൊത്തം 130 കോടി രൂപയാണ് ഇതിനായി വിനിയോഗിച്ചിട്ടുള്ളത്. നിലവിൽ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന സ്‌കൂൾ കെട്ടിടങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരികയാണ്. ഇനിയും ഭൗതികസൗകര്യ വികസനം ആവശ്യമായുള്ള സ്‌കൂളുകൾ കണ്ടെത്തി സൗകര്യങ്ങൾ ഒരുക്കും.
പാഠപുസ്തകം
പുതിയ അധ്യയനവർഷത്തോടനുബന്ധിച്ച് കുട്ടികൾക്കുള്ള പാഠപുസ്തകങ്ങളുടെ അച്ചടിയും വിതരണവും പൂർത്തിയായി വരുന്നു. 3 ഭാഗങ്ങളായി ആണ് പുസ്തങ്ങൾ അച്ചടിക്കുന്നത്. ഒന്നാം ഭാഗം 288 ടൈറ്റിലുകൾ ഉണ്ട്. രണ്ടും മൂന്നും ഭാഗങ്ങൾ 183 ഉം 66 ഉം എന്നിങ്ങനെ 537 ടൈറ്റിലുകളിലാണ് പുസ്തകങ്ങൾ അച്ചടിക്കുന്നത്. ആകെ നാല് കോടി എൺപത്തിയെട്ട് ലക്ഷം പാഠപുസ്തകങ്ങളാണ് 2022-23 അധ്യയന വർഷത്തിലേക്ക് ആവശ്യമായി വരുന്നത്. സംസ്ഥാനത്ത് പാഠപുസ്തക വിതരണത്തിനായി 14 ജില്ലാ ഹബ്ബുകളും 3312 സൊസൈറ്റികളും 13,964 സ്‌കൂളുകളുമുണ്ട്.
സംസ്ഥാനത്ത് 5776 സർക്കാർ സ്‌കൂളുകളും 8178 എയിഡഡ് സ്‌കൂളുകളും 1448 അൺ എയിഡഡ് സ്‌കൂളുകളുമാണ് ഉള്ളത്.
2022-23 പാഠപുസ്തകങ്ങളുടെ അച്ചടി സമയ ബന്ധിതമായി പൂർത്തീകരിച്ച് യഥാസമയം കുട്ടികളെത്തിക്കുന്നതിനുള്ള തയാറെടുപ്പുകൾ
വിദ്യാഭ്യാസ വകുപ്പ് പൂർത്തീകരിച്ചിട്ടുണ്ട്. 1 മുതൽ 8 വരെയുള്ള ക്ലാസുകളിലെ പാഠ പുസ്തകങ്ങൾ സൗജന്യമായി വിദ്യാർത്ഥികൾക്ക് നൽകും.
സ്‌കൂൾ യൂണിഫോം
2022-23 അദ്ധ്യയനവർഷം സർക്കാർ
സ്‌കൂളുകളിലെ 1 മുതൽ 4 വരെയുള്ള എൽ.പി.
സ്‌കൂളുകൾ 1 മുതൽ 5 വരെയുള്ള എൽ.പി.
സ്‌കൂളുകൾ 1 മുതൽ 7 വരെയുള്ള യു.പി
സ്‌കൂളുകൾ 5 മുതൽ 7 വരെയുള്ള യു.പി
സ്‌കൂളുകൾ 1 മുതൽ 4 വരെയുള്ള എയിഡഡ് എൽ.പി. സ്‌കൂളുകൾ
ഇങ്ങനെ ആകെ 7719 സ്‌കൂളുകളിലെ 9,58,060 കൈത്തറി യൂണിഫോം നൽകുന്നത്. ഇതിനായി ആകെ 42.08000 മീറ്റർ തുണിയാണ് ജൂൺ 1ന് മുമ്പ്
വിതരണം ചെയ്യുക. ക്ലാസുകൾ തുടങ്ങുന്നതിനുമുമ്പ് തന്നെ യൂണിഫോം വിതരണം പൂർത്തിയാക്കും.
ഹയർ സെക്കൻററി സ്ഥലംമാറ്റം
സംസ്ഥാനത്തെ ഹയർ സെക്കന്ററി അദ്ധ്യാപകരുടെ രണ്ടു വർഷമായി കൊവിഡ് മൂലം തടസപ്പെട്ടു കിടന്നിരുന്ന ട്രാൻസ്ഫർ പട്ടിക കഴിഞ്ഞ
ദിവസം പുറത്തിറങ്ങി. 1805 ജൂനിയർ അദ്ധ്യാപകർക്കും 6070 സീനിയർ അദ്ധ്യാപകർക്കും അങ്ങനെ ആകെ 7875 അദ്ധ്യാപകർക്കാണ് സ്ഥലംമാറ്റം ലഭിച്ചത്. ഹയർ സെക്കന്ററി വിഭാഗത്തിൽ പ്രിൻസിപ്പൽമാരുടെ പ്രമോഷൻ നടപടികളും അദ്ധ്യാപകരുടെ ബൈട്രാൻസ്ഫർ പ്രമോഷൻ
നടപടികളും ഉടൻ തന്നെ നടക്കും.
ഹെഡ്മാസ്റ്റർ പ്രമോഷൻ
കഴിഞ്ഞ രണ്ടര വർഷമായി കോടതി കേസുകൾ മൂലം മുടങ്ങിക്കിടന്നിരുന്ന എൽ.പി., യു.പി. സ്‌കൂളുകളുടെ പ്രഥമാദ്ധ്യാപകരുടെ
പ്രമോഷനിലിലൂടെ 1655 അദ്ധ്യാപകരെ എൽ.പി., യു.പി. സ്‌കൂളുകളിലെ പ്രഥമാദ്ധ്യാപകരായി നിയമിക്കാൻ കഴിഞ്ഞു.
ഈ നടപടി മൂലം പി.എസ്.സി. യിലൂടെ 912 പുതിയ നിയമനങ്ങൾ നടത്തുന്നതിനും കഴിഞ്ഞു.
അദ്ധ്യാപക പരിശീലനം
1 മുതൽ 7 വരെയുള്ള പ്രൈമറി സ്‌കൾ അദ്ധ്യാപകരുടെ പരിശീലനം വെക്കേഷനിൽ പൂർത്തീകരിച്ചു. മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി ഒരു ജില്ലയിൽ രണ്ടു ബാച്ചുകൾ വീതം റസിഡൻഷ്യൽ ട്രെയിനിംഗാണ് നടത്തിയത്. വരും വർഷങ്ങളിൽ അദ്ധ്യാപക സംഘടനകളുമായി ചർച്ച ചെയ്ത് എല്ലാ അദ്ധ്യാപകർക്കും റസിഡൻഷ്യൽ പരിശീലനം നൽകും. സെക്കന്ററി, ഹയർ സെക്കന്ററി അദ്ധ്യാപകരുടെ പരിശീലനം ഡിസംബറോടെ പൂർത്തീകരിക്കും. ഇതുവരെ എൽ.പി. വിഭാഗത്തിൽ 36,000 അദ്ധ്യാപകർക്കും യു.പി. വിഭാഗത്തിൽ 29,598 അദ്ധ്യാപകർക്കുമാണ് പരിശീലനം നൽകിയത്.
അദാലത്തുകൾ
വിദ്യാഭ്യാസ വകുപ്പിലെ കാര്യശേഷി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഫയൽ അദാലത്തുകൾ ആരംഭിച്ചു. ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം
തിരുവനന്തപുരം പരീക്ഷാഭവനിൽ നടന്നു. ഹയർ സെക്കന്ററി മേഖലയിലെ ഫയൽ അദാലത്തുകളുടെ ഉദ്ഘാടനം തിരുവനന്തപുരം ആർ.ഡി.ഡി. ഓഫീസിൽ നടന്നു. ഇതിന്റെ തുടർച്ചയായി സെക്രട്ടറിയേറ്റിലും ഫയൽ അദാലത്തുകൾ നടക്കുകയാണ്. എല്ലാ ജില്ലകളിലും വരും ദിവസങ്ങളിൽ ഫയൽ അദാലത്തുകൾ സംഘടിപ്പിച്ച് കെട്ടിക്കിടക്കുന്ന ഫയലുകൾ തീർപ്പാക്കുന്നതിനും നടപടികൾ
സ്വീകരിക്കും.
സ്‌കൂൾ മാനുവൽ
സ്‌കൂൾ പ്രവർത്തനങ്ങൾക്ക് ഏകരൂപം വരുത്തുന്നതിന് സംസ്ഥാനത്ത് ആദ്യമായി സ്‌കൂൾ മാനുവലിന്റെ കരട് പ്രസിദ്ധീകരിച്ചു.
കരട് പൊതുചർച്ചയ്ക്കായി വച്ചിരിക്കുകയാണ്. ചർച്ചകളിൽ നിന്നുള്ള ആശയങ്ങൾ ക്രോഡീകരിച്ച് ഈ മാസം 30 ന് അന്തിമ സ്‌കൂൾ മാനുവൽ
പ്രസിദ്ധീകരിക്കും.
അക്കാദമിക മാസ്റ്റർ പ്ലാൻ
ഓരോ സ്‌കൂളിന്റെയും വരും വർഷത്തെ അക്കാദമിക പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമായി
സ്‌കൂൾ അക്കാദമിക മാസ്റ്റർ പ്ലാനിന്റെ കരട് പ്രസിദ്ധീകരിച്ച് സ്‌കൂളുകളിൽ നൽകി. പ്രാദേശിക പ്രത്യേകതകൾഉൾച്ചേർത്ത് സ്‌കൂളുകൾ അക്കാദമിക മാസ്റ്റർ പ്ലാൻപരിഷ്‌കരിച്ച് അന്തിമമാക്കും.
എസ്.എസ്.എൽ.സി. പരീക്ഷാ മാനുവൽ
16 വർഷത്തിനുശേഷം ഹയർ സെക്കന്ററി പരീക്ഷാ മാനുവൽ പുതുക്കി പ്രസിദ്ധീകരിച്ചിരുന്നു. ഇതിന്റെ തുടർച്ചയായി രാജ്യത്ത് തന്നെ ആദ്യമായി എസ്.എസ്.എൽ.സി. പരീക്ഷയ്ക്കുള്ള മാനുവൽ തയ്യാറാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നു വരികയാണ്. അടുത്ത എസ്.എസ്.എൽ.സി. പരീക്ഷയ്ക്ക് മുന്നോടിയായി ഇത് പ്രസിദ്ധീകരിക്കും.
വാക്‌സിൻ
സംസ്ഥാനത്ത് മേയ് 26, 27, 28 തീയതികളിൽ കുട്ടികൾക്കുള്ള പ്രത്യേക വാക്സിനേഷൻ യജ്ഞം സംഘടിപ്പിച്ചിട്ടുണ്ട്. സ്‌കൂൾ തുറക്കുന്ന സാഹചര്യം കൂടി മുന്നിൽ കണ്ട് പരമാവധി കുട്ടികൾക്ക് വാക്സിൻ നൽകുകയാണ് ലക്ഷ്യം. സ്‌കൂളുകളുമായും റസിഡന്റ്സ് അസോസിയേഷനുകളുമായും സന്നദ്ധ പ്രവർത്തകരുമായും സഹകരിച്ചാണ് കുട്ടികൾക്കുള്ള വാക്സിനേഷൻ യജ്ഞം സംഘടിപ്പിക്കുന്നത്. പ്രധാന ആശുപത്രികളിൽ ഈ ദിവസങ്ങളിൽ വാക്സിനേഷൻ ഉണ്ടായിരിക്കുന്നതാണ്.