
കൊച്ചി: തൃക്കാക്കരയിലെ ഇടതുസ്ഥാനാർത്ഥി ജോ ജോസഫിനെതിരെ നടക്കുന്ന സൈബർ ആക്രമണത്തിൽ പ്രതികരണവുമായി ഭാര്യ ഡോ. ദയ പാസ്കൽ. തിരഞ്ഞെടുപ്പ് കഴിഞ്ഞാലും തങ്ങൾക്ക് ഇവിടെ ജീവിക്കേണ്ടതാണെന്നും ആശയദാരിദ്ര്യമുള്ളതുകൊണ്ടാണ് അപവാദങ്ങൾ പ്രചരിപ്പിക്കുന്നതെന്നും അവർ വ്യക്തമാക്കി.
ഒരു യുവതിക്കൊപ്പം ഡോ. ജോ ജോസഫ് എന്ന പേരിൽ രണ്ടു ദിവസമായി സമൂഹമാദ്ധ്യമങ്ങളിൽ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. ഇതിനെതിരെയാണ് ഡോ. ദയ പ്രതികരണം നടത്തിയത്. എല്ലാവർക്കും കുടുംബമുള്ളതല്ലേ. തിരഞ്ഞെടുപ്പ് കഴിഞ്ഞാലും ഞങ്ങൾ ഇവിടെ ജീവിക്കേണ്ടവരാണ്. ഇതുവളരെ ക്രൂരമല്ലേ. ഇത്തരം പ്രചാരണങ്ങളിൽ നിന്നും പിന്മാറണമെന്ന് നേതാക്കളോട് അപേക്ഷിക്കുകയാണ്.
കുട്ടികൾക്ക് സ്കൂളിൽ പോകണ്ടേ, അവരുടെ കൂട്ടുകാരെ കാണണ്ടേ, എനിക്ക് ജോലി ചെയ്തു ജീവിക്കണ്ടേ. നമ്മളെല്ലാരും മനുഷ്യരല്ലേയെന്നാണ് അവർ ചോദിക്കുന്നത്. എൽഡിഎഫ് സ്ഥാനാർത്ഥിയായി ജോ ജോസഫിന്റെ പേര് പ്രഖ്യാപിക്കപ്പെട്ടതുമുതൽ സൈബർ ആക്രമണം നേരിടുകയാണെന്നും ദയ പറഞ്ഞു.
ഇപ്പോൾ എല്ലാ പരിധിയും വിടുന്ന തരത്തിലാണ് പ്രചാരണം നടക്കുന്നത്. എവിടെയോ കറങ്ങിയിരുന്ന വ്യാജ വീഡിയോയാണ് ജോ ജോസഫിന്റെ പേരിൽ പ്രചരിക്കുന്നത്. തിരഞ്ഞെടുപ്പ് 31ന് കഴിയും. അതിൽ ഒരാൾ ജയിക്കുകയും മറ്റുള്ളവർ തോൽക്കുകയും ചെയ്യും. അതിനു ശേഷവും നമുക്കെല്ലാം ഈ നാട്ടിൽ ജീവിക്കാനുള്ളതല്ലേയെന്നും ദയ പാസ്‌കൽ ചോദിക്കുന്നു.