
ഗയ: സി.പി.ഐ മാവോയിസ്റ്റ് കേന്ദ്രകമ്മിറ്റി അംഗവും പിടികിട്ടാപ്പുള്ളിയുമായ സന്ദീപ് യാദവിനെ (വിജയ് യാദവ്, 55) ബീഹാറിലെ ഗയയിലെ കാട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.
അഞ്ചുസംസ്ഥാനങ്ങളിലായി 100ഓളം കേസുകളിൽ പൊലീസ് തെരയുന്ന സന്ദീപിന്റെ തലയ്ക്ക് സർക്കാർ 75 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. 27വർഷത്തിലേറെയായി പൊലീസിനെ വെട്ടിച്ച് ഒളിവിൽ കഴിയുകയായിരുന്നു.
മാവോയിസ്റ്റുകൾക്കിടയിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ മൂലം വിഷം നൽകി കൊലപ്പെടുത്തിയതാകാമെന്നാണ് നിഗമനം. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചു.
2018ൽ ഗയയിലെയും ഔറംഗബാദിലെയും സന്ദീപ് യാദവിന്റെ 86 ലക്ഷം രൂപ വിലമതിക്കുന്ന സ്വത്തുക്കൾ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയിരുന്നു. രാജ്യത്താദ്യമായാണ് ഒരു മാവോയിസ്റ്റ് നേതാവിനെതിരെ ഇത്തരമൊരു നടപടി. അദ്ധ്യാപികയായ ഭാര്യയും രണ്ടുമക്കളുമുണ്ട്.