captain-abhilasha-barak

ന്യൂഡൽഹി: പുരുഷൻമാരുടെ കുത്തക അവസാനിപ്പിച്ച് സൈനിക ഹെലികോപ്‌ടറുകൾ പറത്താനുള്ള ചരിത്ര ദൗത്യം ഏറ്റെടുത്ത് ക്യാപ്ടൻ അഭിലാഷ ബരാക്ക്. നാസിക്കിലെ കംമ്പാക്ട് ഏവിയേഷൻ ട്രെയിനിംഗ് സ്‌കൂളിലെ പരിശീലനത്തിന് ശേഷം വിംഗ്‌സ് മുദ്ര കരസ്ഥമാക്കിയ ക്യാപ്ടൻ അഭിലാഷ ആർമി ഏവിയേഷൻ കോർപ്‌സിലെ ആദ്യ വനിതാ ഓഫീസറാണ്. കരസേനയിലെ ആദ്യ വനിത യുദ്ധവിമാന പൈലറ്റ് എന്ന ചരിത്രനേട്ടവും ഇനി അഭിലാഷയ്ക്ക് സ്വന്തം.

ഹരിയാനാ സ്വദേശിയായ അഭിലാഷ കഴിഞ്ഞ ജൂണിലാണ് കംമ്പാക്ട് ഏവിയേഷൻ ട്രെയിനിംഗ് സ്‌കൂളിൽ പരിശീലനത്തിന് തിരഞ്ഞെടുക്കപ്പെട്ടത്. ഇലക്‌ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷനിൽ ബി.ടെക് ബിരുദധാരിയായ ഇവർ മുൻ ആർമി ഓഫീസറുടെ മകളാണ്. യു.എസിലെ ജോലി ഉപേക്ഷിച്ച് ഓഫീസർ ട്രെയിനിംഗ് അക്കാഡമി പരിശീലനത്തിന് ശേഷം 2018ൽ കരസേനയുടെ ഏവിയേഷൻ കോർപ്‌സിൽ കമ്മിഷൻഡ് ഓഫീസറായി. ആർമി വനിതാ പൈലറ്റുമാരെ നിയമിക്കാൻ തീരുമാനിച്ചപ്പോൾ അപേക്ഷിക്കുകയും തിരഞ്ഞെടുക്കപ്പെടുകയുമായിരുന്നു.

വിവിധ ഓപ്പറേഷനുകൾക്കായി സൈനികരെ ആകാശമാർഗം കൊണ്ടുപോകാനും പരിക്കേറ്റവരെ ഒഴിപ്പിക്കാനും ഉയർന്ന പ്രദേശങ്ങളിലെ അടിയന്തര ദൗത്യങ്ങൾക്കും മറ്റുമാണ് കരസേന ഏവിയേഷൻ കോർപ്‌സിന്റെ സഹായം തേടാറുള്ളത്. ഏവിയേഷൻ കോർപ്‌സിൽ നിലവിൽ ഗ്രൗണ്ട് ചുമതലകൾക്ക് മാത്രമാണ് വനിതകളുള്ളത്.