batra

ഹോക്കി ഇന്ത്യ പ്രസിഡന്റ് സ്ഥാനത്തുനിന്ന് നരീന്ദർ ബത്രയെ ഡൽഹി ഹൈക്കോടതി പുറത്താക്കി

ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് സ്ഥാനം ബത്ര രാജിവച്ചു

ന്യൂഡൽഹി : ദേശീയ കായിക ചട്ടത്തിനു വിരുദ്ധമായി പ്രവർത്തിച്ചതിന്റെ പേരിൽ പ്രസിഡന്റ് നരീന്ദർ ബത്രയെ പുറത്താക്കിയ ഡൽഹി ഹൈ‌ക്കോടതി ദേശീയ ഹോക്കി ഫെഡറേഷൻ ഭരണ‌ത്തിന് മൂന്നംഗ താത്കാലിക സമിതിയെ നിയമിച്ചു. വിധിയുടെ പശ്ചാത്തലത്തിൽ ബത്ര ‌ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് സ്ഥാനം രാജിവച്ചു.നരീന്ദർ ബത്രയ്ക്ക് ഹോക്കി ഇന്ത്യയിൽ ആജീവനാന്ത പദവി നൽകിയതു ചോദ്യം ചെയ്തു മുൻ ഇ‌‌‌ന്ത്യൻ താരവും 1975ഹോക്കി ലോകകപ്പ് വിജയിച്ച ടീമിൽ അംഗവുമായിരുന്ന അസ്‌ലം ഷേർ ഖാൻ നൽകിയ ഹർജിയിലാണു ജസ്റ്റിസുമാരായ നജ്മി വാജ്‌രി, സ്വർണ കാന്ത് ശർമ്മ എന്നിവരുടെ ബെഞ്ചിന്റെ വിധി.

ബത്രയെ ഹോക്കി ഇ‌ന്ത്യയുടെ ആജീവനാന്ത അംഗമാക്കിയതും സി.ഇ.ഒയായി എലേന നോർമനെ‌ നിയ‌‌മിച്ചതും ചട്ട‌വിരുദ്ധമായാണെന്ന് കോടതി കണ്ടെത്തി. ഹോക്കി ഇന്ത്യ ആജീവനാന്ത അംഗം എന്ന നിലയിലാണ് ബത്ര ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റായത്. അതുകൊണ്ടാണ് വിധിക്ക് പിന്നാലെ ആ സ്ഥാനം ബത്ര ഒഴിഞ്ഞത്.

തുടർന്ന് അനിൽ ഖന്ന ആക്ടിംഗ് പ്രസിഡന്റ് സ്ഥാനമേറ്റെടുത്തു.

കഴിഞ്ഞയാഴ്ച സുപ്രീം കോടതി ആൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ പിരിച്ചുവിട്ടിരുന്നു. ഈ ഉത്തരവിന്റെ ചുവടുപിടിച്ചാണ് ഡൽഹി ഹൈക്കോടതി, മുൻ സുപ്രീം കോടതി ജഡ്ജി അനിൽ ആർ.ദാവെ, മുൻ മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണർ എസ്.വൈ.ഖുറേഷി, ഇന്ത്യൻ ഹോക്കി ടീം മുൻ ക്യാപ്ടൻ സഫർ ഇഖ്ബാൽ എന്നിവരെ അംഗങ്ങളാക്കി ഹോക്കി ഇന്ത്യയ്ക്ക് താത്കാലിക ഭരണസമിതി രൂപീകരിച്ചിരിക്കുന്നത്.

ഫുട്ബാൾ അസോസിയേഷനു പിന്നാലെയാണു ഹോക്കി ഇന്ത്യയ്ക്കു മേലും കോടതി ഇടപെടൽ. മുൻപു ക്രിക്കറ്റിലും സമാനമായ ഇടപെടലുണ്ടായിരുന്നു. ഐ.ഒ.എ പ്രസിഡന്റ് സ്ഥാനം രാജ‌ി വച്ചതോടെ ഇന്റർനാഷണൽ ഒളിമ്പിക് ക‌മ്മിറ്റി അംഗത്വവും ബത്രയ്ക്കു നഷ്ടപ്പെടും. ഐ.ഒ.എ പുതിയ ഭരണസമിതിയുടെ തിരഞ്ഞെടുപ്പ് കഴിഞ്ഞ ഡിസംബറിൽ നടക്കേണ്ടിയിരുന്നുവെങ്കിലും കോടതിയിൽ കേസ് നിലനിൽക്കുന്ന പശ്ചാത്തലത്തിൽ മാ‌റ്റിവച്ചിരിക്കുകയാണ്. അതേസമയം അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്റെ പ്രസിഡന്റാണ് നിലവിൽ ബത്ര.