
ഇന്ത്യൻ ഉപഭോക്താക്കൾക്ക് തിരിച്ചടിയായി മുൻനിര സ്മാർട്ട്ഫോൺ ബ്രാൻഡായ സാംസംഗിന്റെ പുതിയ തീരുമാനം. ഫീച്ചർ ഫോണുകളിലെ ജനപ്രിയ കമ്പനിയായ സാംസംഗ് ഈ വർഷാവസാനത്തോടെ കുറഞ്ഞ മൂല്യമുള്ള ഫോണുകൾ ഇന്ത്യൻ വിപണിയിലെത്തിക്കുന്നത് നിറുത്തുമെന്നാണ് സൂചന. പ്രധാനമായും 15,000 രൂപയ്ക്ക് താഴെയുള്ള ഫോണുകളുടെ വിൽപനയാണ് കമ്പനി അവസാനിപ്പിക്കുന്നത്.
അതായത് അടുത്ത വർഷം മുതൽ 15,000 രൂപയ്ക്ക് താഴെയുള്ള സാംസംഗ് ഫോണുകൾ വിപണിയിൽ ലഭിക്കില്ല. ആഗോള പണപ്പെരുപ്പവും നിർമാണത്തിനുള്ള വസ്തുക്കളുടെ ദൗർലഭ്യവുമാണ് ഈ തീരുമാനത്തിലേക്ക് കമ്പനിയെ എത്തിച്ചതെന്നാണ് വിലയിരുത്തുന്നത്.
കഴിഞ്ഞ കുറച്ച് മാസങ്ങളായി കമ്പനിയുടെ ഫീച്ചർ ഫോണുകളുടെ വിൽപന പിന്നോട്ടാണ്. അതിനാൽ അടുത്ത വർഷം മുതൽ 20,000 രൂപയ്ക്ക് മുകളിലുള്ള ഫോണുകളുടെ നിർമാണത്തിലായിരിക്കും സാംസംഗിന്റെ നിർമാണ പങ്കാളിയായ ഡിക്സൺ ശ്രദ്ധ കേന്ദ്രീകരിക്കുക.
കേന്ദ്ര സർക്കാരിന്റെ പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് പദ്ധതിയുടെ ഭാഗമായി രാജ്യത്ത് പ്രവർത്തിക്കുന്ന രണ്ട് കമ്പനികളിൽ ഒന്നാണ് സാംസംഗ്. ഈ പദ്ധതി പ്രകാരം കമ്പനികൾക്ക് പ്രാദേശിക നിർമാണത്തിനായി സർക്കാരിൽ നിന്ന് സഹായം തേടാം. എന്നാൽ പദ്ധതി പ്രകാരം ഫോണുകളുടെ ഫാക്ടറി വില 15,000 രൂപയ്ക്ക് മുകളിലായിരിക്കണമെന്ന ഒരു നിബന്ധന കൂടിയുണ്ട്. ഈ വ്യവസ്ഥയും ഫീച്ചർ ഫോണുകളിൽ നിന്ന് ശ്രദ്ധ മാറ്റാൻ കമ്പനിയെ പ്രേരിപ്പിച്ച മറ്റൊരു കാരണമായി കരുതുന്നത്.
15,000 രൂപയ്ക്ക് താഴെയുള്ള സാംസംഗിന്റെ പ്രധാനപ്പെട്ട മോഡലുകൾ
1. ഗാലക്സി എം 32
2. ഗാലക്സി എം 21
3. ഗാലക്സി എം 30
4. ഗാലക്സി എഫ് 22
5. ഗാലക്സി എ 12
6. ഗാലക്സി എ 13
7. ഗാലക്സി എഫ് 12
8. ഗാലക്സി എം 12
9. ഗാലക്സി എ 21 എസ്
10. ഗാലക്സി എഫ് 12
11. ഗാലക്സി എ 20
12. ഗാലക്സി എം 11
13. ഗാലക്സി എ 03