ന്യൂഡൽഹി: പിഎച്ച് .ഡി തീസിസ് സമർപ്പിക്കുന്നതിന് മുമ്പ് വിദ്യാർത്ഥികൾ ആനുകാലികങ്ങളിൽ ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കണമെന്ന നിബന്ധന യു.ജി.സി പുനഃപരിശോധിക്കും.
അക്കാഡമിക് പശ്ചാത്തലവും , നിലവാരമില്ലാത്ത ആനുകാലികങ്ങളിൽ ഉൾപ്പെടെ ഫീസ് നൽകി വിദ്യാർത്ഥികൾ പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കുന്ന സാഹചര്യത്തിലാണിത്. ഇതോടൊപ്പം , ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നിയമങ്ങളും ചട്ടങ്ങളും രൂപീകരിക്കാൻ അനുമതി നൽകുന്നതിനെക്കുറിച്ചും യു.ജി.സി ആലോചിക്കും.
യു.ജി.സിയുടെ 2016 ലെ ഭേദഗതിയിലാണ് വിദ്യാർത്ഥികൾ തീസിസ് സമർപ്പിക്കുന്നതിന് മുമ്പ് ഒരു ഗവേഷണ പ്രബന്ധമെങ്കിലും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിക്കണമെന്ന നിബന്ധന ഉൾപ്പെടുത്തിയത്. നിർബന്ധം എന്നതിനു പകരം ശക്തമായി ശുപാർശ ചെയ്യുന്നുവെന്ന് ഭേദഗതി കൊണ്ടു വരാനാണ് ആലോചനയെന്ന് യു.ജി.സി ചെയർപേഴ്സൺ എം. ജഗദേഷ് കുമാർ പറഞ്ഞു.