
കൊച്ചി: നടിയെ പീഡിപ്പിച്ച കേസിൽ നിർമ്മാതാവും നടനുമായ വിജയ്‌ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കഴിഞ്ഞ ദിവസം സർക്കാർ സമയം ചോദിച്ചതിനെത്തുടർന്നാണ് ഹർജി ഇന്നത്തേക്കാക്കിയത്.
30ന് താൻ നാട്ടിലെത്തുമെന്ന് വിജയ്‌ബാബു കഴിഞ്ഞ ദിവസം അഭിഭാഷകൻ മുഖേന കോടതിയെ അറിയിച്ചു. ഈ സാഹചര്യത്തിൽ 31നോ ഒന്നിനോ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാം. അഥവാ വന്നില്ലെങ്കിൽ 31ന് മുൻകൂർ ജാമ്യാപേക്ഷ തളളും. വിജയ്‌ബാബു നാട്ടിലെത്തിയിട്ട് ജാമ്യാപേക്ഷ പരിഗണിക്കാമെന്നും ടിക്കറ്റിന്റെ പകർപ്പ് കോടതിയിൽ ഹാജരാക്കാനും കേസ് പരിഗണിച്ച സിംഗിൾ ബെഞ്ച് നിർദ്ദേശിച്ചിരുന്നു. തുടർന്നാണ് വിജയ് ബാബുവിന്റെ അഭിഭാഷകൻ ടിക്കറ്റിന്റെ പകർപ്പ് കോടതിയിൽ സമർപ്പിച്ചത്.
കോടതിയുടെ നിയമപരിധിയിൽ പ്രതി വരുന്നതാണ് പ്രോസിക്യൂഷനും പരാതിക്കാരിയ്‌ക്കും ബന്ധപ്പെട്ടവർക്കും നല്ലതെന്ന് കേസ് പരിഗണിച്ച ജസ്‌റ്റിസ് പി.ഗോപിനാഥ് കഴിഞ്ഞദിവസം വാക്കാൽ പറഞ്ഞിരുന്നു. അതേസമയം കോടതിയ്‌ക്ക് മുന്നിൽ വ്യവസ്ഥകൾ വയ്‌ക്കാൻ വിജയ് ബാബുവിനെ അനുവദിക്കരുതെന്നും പ്രതിയുടെ കാരുണ്യം ആവശ്യമില്ലെന്നും അഡീഷണൽ പ്രോസിക്യൂഷൻ ഡയറക്‌ടർ ജനറൽ ഗ്രേഷ്യസ് കുര്യാക്കോസ് കോടതിയിൽ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. നിയമവ്യവസ്ഥയിൽ നിന്നും കടന്നുകളഞ്ഞ പ്രതിയെ എന്തുവന്നാലും പിടികൂടുമെന്നും ഇതിന് ലഭ്യമായ എല്ലാ മാർഗവും തേടുമെന്നും അദ്ദേഹം കോടതിയിൽ അറിയിച്ചിരുന്നു.