pak-petrol-

സാമ്പത്തിക തകർച്ചയിലേക്ക് കൂപ്പുകുത്തുന്ന പാകിസ്ഥാനിൽ സാധാരണക്കാരുടെ ജീവിതം ദുസഹമാക്കി ഒരു ലിറ്റർ പെട്രോളിന് ഒറ്റയടിക്ക് മുപ്പത് രൂപ വർദ്ധിപ്പിച്ചു. പെട്രോൾ, ഡീസൽ വില ലിറ്ററിന് 30 രൂപ (പാക് രൂപ) വർദ്ധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചതായി പാക് ധനമന്ത്രി മിഫ്താ ഇസ്മായിലാണ് അറിയിച്ചത്. ഐഎംഎഫിൽ നിന്നും വായ്പ ഉൾപ്പടെ ലഭിക്കുന്നതിനായിട്ടാണ് ഈ തീരുമാനം സർക്കാർ എടുത്തത്. സബ്സിഡി നിർത്തലാക്കുവാനും, സർക്കാർ നികുതി വരുമാനം ഉയർത്താനും ലക്ഷ്യമിട്ടാണ് നടപടിയെന്നാണ് വിശദീകരണം.

പാകിസ്ഥാനിൽ രാഷ്ട്രീയ അസ്ഥിരത തുടരുന്നതിനിടെയാണ് സർക്കാർ പെട്രോളിന്റെയും ഡീസലിന്റെയും വില ലിറ്ററിന് മുപ്പത് രൂപയോളം വർദ്ധിപ്പിക്കാൻ തീരുമാനിച്ചത്. ഇന്ന് മുതൽ ഇസ്ലാമാബാദിൽ ഒരു ലിറ്റർ പെട്രോളിന് 179.86 രൂപയും ഡീസലിന് 174.15 രൂപയുമായാണ് വില ഉയർന്നത്. ഇതിന് പുറമേ മണ്ണെണ്ണയ്ക്കും മുപ്പത് രൂപ വർദ്ധിപ്പിച്ചിട്ടുണ്ട്. ഇതോടെ മണ്ണെണ്ണ 155.56 രൂപയായും ഉയർന്നു. ഇന്ന് അർദ്ധരാത്രി മുതലാണ് നിരക്ക് വർദ്ധന പ്രാബല്യത്തിൽ വന്നത്.

വില വർദ്ധിപ്പിക്കുകയല്ലാതെ സർക്കാരിന് മറ്റ് മാർഗമില്ലെന്നും, അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) പരിപാടിയുടെ പുനരുജ്ജീവനം ഉറപ്പാക്കാനാണ് തീരുമാനമെന്നും ഇസ്ലാമാബാദിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ധനമന്ത്രി പറഞ്ഞു. വില വർദ്ധിപ്പിച്ചിട്ടു പോലും ഡീസൽ വിലയിൽ ലിറ്ററിന് 56 രൂപ നഷ്ടം നേരിടുന്നുണ്ടെന്ന് പാക് മന്ത്രി പറഞ്ഞു. ഇതോടെ ഇനിയും നിരക്ക് കൂട്ടേണ്ടി വരുമെന്ന മുന്നറിയിപ്പും സർക്കാർ നൽകുന്നുണ്ട്. അടുത്ത മാസം അവതരിപ്പിക്കുന്ന വാർഷിക ബജറ്റിന് മുമ്പ് ധനക്കമ്മി കുറയ്ക്കുന്നതിന് എണ്ണ, ഊർജ മേഖലകളിലെ സബ്സിഡി പിൻവലിക്കാനുള്ള കരാറിന്റെ ഭാഗമായിട്ടാണ് വിലവർദ്ധന നടപ്പിലാക്കുന്നത്.

അടുത്തിടെ അധികാരം നഷ്ടപ്പെട്ട ഇമ്രാൻ ഖാൻ അധികാരത്തിലിരുന്ന അവസാന നാളുകളിൽ പണപ്പെരുപ്പം ഇരട്ട അക്കത്തിലെത്തിയതോടെ എണ്ണയ്ക്ക് സബ്സിഡി നൽകിയിരുന്നു. ഇതാണ് ഇപ്പോൾ ഗുരുതര സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായത്.