
ലക്നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അധിക്ഷേപിക്കുന്ന തരത്തിലുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറ്റത്തിന് പതിനേഴുകാരന് ഗോശാല വൃത്തിയാക്കൽ ശിക്ഷ. ജുവനൈൽ ജസ്റ്റിസ് ബോർഡ് അംഗങ്ങൾ ഉൾപ്പെട്ട ബെഞ്ചാണ് ശിക്ഷ വിധിച്ചത്. പതിനഞ്ച് ദിവസം വീതം ഗോശാലയും പൊതുസ്ഥലവും വൃത്തിയാക്കുന്നതിനൊപ്പം 10,000 രൂപ പിഴയും ഒടുക്കണം. ഈ തുക രക്ഷിതാക്കളാണ് ട്രഷറിയിൽ അടയ്‌ക്കേണ്ടത്. വിധി വന്ന ഉടൻ തന്നെ അവർ തുക അടയ്ക്കുകയും ചെയ്തു.
കഴിഞ്ഞ ജനുവരിയിലാണ് ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റുചെയ്തത്. ഇതിനെതിരെ പരാതി ലഭിച്ചതോടെ പൊലീസ് പതിനേഴുകാരനെ അറസ്റ്റുചെയ്തു. എഡിറ്റ് ചെയ്ത ചിത്രമാണ് പോസ്റ്റുചെയ്തതെന്ന് അന്വേഷണത്തിൽ വ്യക്തമായി.കുട്ടി കുറ്റം സമ്മതിച്ചിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. തുടർന്നാണ് ശിക്ഷ വിധിച്ചത്. സാമൂഹിക സേവനബോധം സൃഷ്ടിക്കാനും സ്വയം തിരുത്താനും ഇത് കുട്ടിക്ക് അവസരമൊരുക്കുമെന്നും അതിനാലാണ് ഇത്തരത്തിലൊരു ശിക്ഷ വിധിച്ചതെന്നുമാണ് ജഡ്ജിയുടെ അഭിപ്രായം.