
സുഹൃത്തുക്കൾക്കൊപ്പം പുഴയിൽ നീന്തിക്കുളിക്കാൻ ഇഷ്ടപ്പെടുന്നവരാണ് നമ്മൾ. ചൂടുകാലങ്ങളിൽ കൂടുതൽ പേരും വിനോദയാത്രയ്ക്കായി തിരഞ്ഞെടുക്കുന്നത് ജലാശയങ്ങളായിരിക്കും. അത്തരമൊരു ആനന്ദവേളയ്ക്കിടയിൽ സംഭവിച്ച അമ്പരപ്പിക്കുന്ന ഒരു ദൃശ്യം സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുകയാണ്.
കുറച്ച് യുവാക്കൾ പുഴയിൽ കുളിക്കുന്നതും മറ്റ് ചിലർ പാറക്കെട്ടിൽ ഇരിക്കുന്നതും വീഡിയോയിൽ കാണാം. ഇതിനിടയിൽ ഒരു കൂറ്റൻ പാമ്പ് ഒഴുകിയെത്തുന്നു. ഇതുകണ്ട് പാറക്കെട്ടിൽ ഇരിക്കുകയായിരുന്ന ഒരു ആൺകുട്ടി മാറിനിൽക്കുന്നു. എന്നാൽ പാമ്പ് കുട്ടിയെ പിന്തുടരുന്നത് പോലെ കുട്ടി നിൽക്കുകയായിരുന്ന ദിശയിലേക്ക് വെള്ളത്തിലൂടെ ഇഴഞ്ഞു നീങ്ങുന്നു. തുടർന്ന് പാറക്കെട്ടിന് മുകളിലേക്ക് കയറിയ കുട്ടി മൊബൈലിൽ വീഡിയോ പകർത്തുന്നതാണ് ദൃശ്യങ്ങളിൽ വ്യക്തമാവുന്നത്. വൈൽഡിസ്റ്റിക് എന്ന ഇൻസ്റ്റഗ്രാം പേജാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
എന്നാൽ ഇൻസ്റ്റഗ്രാം ഉപഭോക്താക്കളുടെ ശ്രദ്ധയാകർഷിച്ചത് വീഡിയോയിലെ മറ്റൊരു കാഴ്ചയാണ്. പാമ്പ് ഇഴഞ്ഞെത്തുന്നത് കണ്ടിട്ടും ഒട്ടും ഭയക്കാതെ പുഴയിൽ കുളി തുടരുന്ന യുവാവിനെക്കുറിച്ചായിരുന്നു കൂടുതൽ പേരും കമന്റ് ചെയ്തത്. ധൈര്യശാലി എന്നാണ് നിരവധി പേർ അഭിനന്ദിച്ചത്.