nagaraju

കൊച്ചി: നടിയെ പീഡിപ്പിച്ച കേസിൽ വിദേശരാജ്യത്ത് കഴിഞ്ഞ ഒരുമാസമായി തുടരുന്ന നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെ നാട്ടിലെത്തിയാലുടൻ അറസ്‌റ്റ് ചെയ്യുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണ‌ർ സി.എച്ച് നാഗരാജു. ലുക്ക് ഔട്ട് നോട്ടീസുള‌ളതിനാൽ ഇതിന് കഴിയും. വിജയ്‌ ബാബുവിന് സഹായം ചെയ്‌തുകൊടുത്തവരെ ചോദ്യം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.

വിദേശത്ത് ആവശ്യമുള‌ള പണം തീർന്നതിനാൽ വിജയ് ബാബുവിന് രണ്ട് ക്രെഡി‌റ്റ് കാർഡുകൾ നെടുമ്പാശേരി വിമാനത്താവളം വഴി ദുബായിൽ എത്തിച്ചുനൽകിയ നടിയെയും പൊലീസ് ചോദ്യം ചെയ്യും. പരാതിക്കാരിയായ പുതുമുഖ നടിയോട് പരാതി പിൻവലിക്കാൻ ഈ നടി ആവശ്യപ്പെട്ടെന്ന് വിവരമുണ്ട്. ഇക്കാര്യങ്ങളറിയാനാണ് നടിയെ പൊലീസ് ചോദ്യം ചെയ്യുന്നത്.

മേയ് 30ന് നാട്ടിലേക്ക് വരുന്നതിനുള‌ള ടിക്കറ്റിന്റെ പകർപ്പ് വിജയ്‌ ബാബു അഭിഭാഷകൻ വഴി കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. വന്നില്ലെങ്കിൽ മുൻകൂർ ജാമ്യഹർജി തള‌ളുമെന്ന് കോടതി കഴിഞ്ഞദിവസവും നിലപാട് അറിയിച്ചതോടെയാണിത്. അതിജീവിത ഇതിനിടെ വിജയ്‌ബാബുവിന്റെ ജാമ്യഹർജിയെ എതിർത്ത് ഹർജി നൽകി. പ്രതി തന്നെ ജാമ്യവ്യവസ്ഥ നിശ്ചയിക്കുന്ന സാഹചര്യമൊഴിവാക്കണമെന്നും ജാമ്യം നൽകരുതെന്നുമാണ് നടി ആവശ്യപ്പെട്ടത്.

അതേസമയം നിയമവ്യവസ്ഥയിൽ നിന്നും കടന്നുകളഞ്ഞ പ്രതിയെ എന്തുവന്നാലും പിടികൂടുമെന്നും ഇതിന് ലഭ്യമായ എല്ലാ മാർഗവും തേടുമെന്നും അഡീഷണൽ പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ഗ്രേഷ്യസ് കുര്യക്കോസ്‌ കോടതിയിൽ അറിയിച്ചു.