
തിരുവനന്തപുരം: യുവ നർത്തകി കല്യാണി ശാരദയുടെ സമകാലീന നൃത്താവിഷ്‌ക്കാരം 'തലയെഴുത്ത്' ഇന്ന് രാത്രി ഏഴിന് ടാഗോർ തിയേറ്ററിൽ അരങ്ങേറും.ഭാരത് ഭവൻ ഭൂമിസ്പർശയുടെ സഹകരണത്തോടെ ബംഗളൂരുവിലെ യംഗ് ടാലന്റ് നൃത്ത സംഘമാണ് പരിപാടി ഒരുക്കിയിരിക്കുന്നത്.40 മിനിറ്റ് ദൈർഘ്യമുള്ള പരിപാടിയിൽ നാല് നർത്തകരാണ് ഭാഗമാകുന്നത്.ജാസ്,ബാലെ തുടങ്ങിയ നൃത്ത വിഭാഗങ്ങളിൽ പരീക്ഷണം നടത്തിയാണ് 'തലയെഴുത്ത്' തയ്യാറാക്കിയത്. മനുഷ്യരുടെ ജീവിതാനുഭവങ്ങളും സ്വപ്നങ്ങളും സങ്കീർണ്ണതകളും നിറഞ്ഞ മാനസിക ഭാവങ്ങളെ പ്രകാശിപ്പിക്കുന്ന നവ നൃത്തഭാഷയാണ് 'തലയെഴുത്ത് ' മുന്നോട്ടുവയ്ക്കുന്നത്.
ഐ.എ.എസ് ദമ്പതികളായ ശാരദാമുരളീധരന്റെയും ഡോ.വി.വേണുവിന്റെയും മകളായ കല്യാണി ബംഗളൂരുവിലെ ആട്ടക്കളരി സെന്റർ ഫോർ മൂവ്‌മെന്റ് ആർട്സിലാണ് നൃത്തം അഭ്യസിച്ചത്. ഡൽഹിയിലെ ലേഡി ശ്രീറാം കോളേജിലെ ബിരുദാനന്തര ബിരുദ പഠനത്തിനിടയിൽ മദ്ധ്യപ്രദേശിലെ വനാന്തരങ്ങളിലും തലസ്ഥാനത്തെ ചെറിയ പ്രദേശങ്ങളിലും സന്നദ്ധ പ്രവർത്തകയായിരുന്നു.