
ലണ്ടൻ: വിംബിൾഡൺ ഗ്രാൻസ്ലാം കിരീടം നേടുന്നവരുടെ പേര് ആദരമായി രേഖപ്പെടുത്തുന്ന ബോർഡിൽ വനിതകളുടെ പേരിന് മുന്നിലായി ഇനി മുതൽ മിസും മിസിസും ഉണ്ടാകില്ല. ടൂർണമെന്റ് ആധുനികരിക്കുന്നതിന്റെ ഭാഗമായാണ് വിജയികളുടെ പേര് കുറിക്കുന്ന ബോർഡിൽ നിന്ന് മിസും മിസിസും ഒഴിവാക്കുന്നതെന്ന് ഓൾഇംഗ്ലണ്ട് ക്ലബ് അറിയിച്ചു. വനിതാ ചാമ്പ്യൻമാർ കല്യാണം കഴിച്ചവരാണെങ്കിൽ മിസിസ് എന്നും അല്ലെങ്കിൽ മിസ് എന്നും ചേർത്തിരുന്നു. അതേ സമയം പുരുഷ ചാമ്പ്യൻമാരുടെ പേര് നേരിട്ട് തന്നെ എഴുതിയിരുന്നു. ഈ വേർതിരിവാണ് സംഘാടകർ അവസാനിപ്പിച്ചത്. 2019 മുതൽ വനിതാ മത്സരങ്ങൾക്കിടെ സ്കോർ പറയമ്പോൾ മിസിസ്, മിസ് പ്രയോഗം ഉപേക്ഷിച്ചിരുന്നു.