
കേരള സർക്കാരിന്റെ ഒ.ടി.ടി പ്ളാറ്റ് ഫോം നവംബർ ഒന്നിന് പ്രേക്ഷകർക്ക് മുന്നിലെത്തുന്നു
സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷന്റെ ഒ.ടി.ടി സംരഭം സി-സ്പേസ് നവംബർ ഒന്നിന് പ്രേക്ഷകർക്ക് ലഭ്യമാവുകയാണ്.സി-സ്പേസിനെക്കുറിച്ച് പദ്ധതിയുടെ ആസൂത്രകനായ കോർപ്പറേഷൻ ചെയർമാനും പ്രശസ്ത ചലച്ചിത്ര സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി.എൻ.കരുൺ സംസാരിച്ചു.
സി-സ്പേസ് എന്നു പറഞ്ഞാൽ?
സി -സിനിമയുടെയും ചിത്രാജ്ഞലിയുടെയും ആദ്യാക്ഷരമാണ്.ഇംഗ്ളീഷിൽ സീ എന്നു ഭാഷാപരമായി പറഞ്ഞാൽ കാണുകയെന്നർത്ഥം ഉണ്ട്.
മറ്റേതെങ്കിലും ഒ.ടി.ടി പ്ളാറ്റ്ഫോമുമായി ചേർന്നായിരിക്കുമോ പ്രവർത്തനം?
അല്ല.ഇത് നമ്മുടെ സ്വന്തമാണ്.അടിസ്ഥാനപരമായി സർക്കാരിന്റെ ആഭിമുഖ്യത്തിലുള്ള ഒരു കൾച്ചറൽ പ്ളാറ്റ്ഫോമായിരിക്കും.
സിനിമ മാത്രമല്ലേ കാണിക്കുന്നത്?
ഷോർട്ട് ഫിലിമുണ്ട്,ഡോക്യുമെന്ററിയുണ്ട്.കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ ശ്രദ്ധയാകർഷിക്കുന്ന സിനിമകൾ ഉണ്ടാകും.ചിത്രാജ്ഞലി പാക്കേജിൽ വർക്ക് ചെയ്യുന്ന നല്ലതെന്ന് തോന്നുന്ന സിനിമകൾ ഉണ്ടാകും.കെ.എസ്.എഫ്.ഡി.സി തിയേറ്ററുകളിൽ ഓടിയിട്ട് പ്രേക്ഷകർ കുറയുമ്പോൾ ഇതിലേക്ക് ഷിഫ്ട് ചെയ്യും.അങ്ങനെ പല ഉദ്ദേശങ്ങളുമുണ്ട്.
കെ.എസ്.എഫ്.ഡി.സി നിർമ്മിക്കുന്ന ചിത്രങ്ങൾ മാത്രമായിരിക്കുമോ?
അല്ല.പുറത്തുനിന്നുള്ളവയും ഉണ്ടാകും.ആദ്യം നൂറ് മണിക്കൂർ കണ്ടന്റ് ഉണ്ടാകും.താത്പ്പര്യമുള്ളവർക്ക് കണ്ടന്റ് സമർപ്പിക്കാം.അത് ക്യുറേറ്റേഴ്സിനെ വച്ച് നല്ലത് തിരഞ്ഞെടുക്കും.അറിയപ്പെടുന്നവർ തന്നെയായിരിക്കും ക്യൂറേറ്റേഴ്സ്.
പണം കൊടുത്ത് ചിത്രങ്ങൾ വാങ്ങുമോ?
ഇല്ല.പടം റവന്യു ഷെയറിംഗ് ആയിരിക്കും.ഹിറ്റിന്റെ പുറത്താണ് വരുമാനം കണക്കാക്കുന്നത്.എത്രപേര് കണ്ടുവെന്ന് യൂ ട്യൂബിലൊക്കെ നമ്മൾക്ക് കാണാമല്ലോ, അതുപോലെ.
അഡ്വാൻസ് തുക നൽകുമോ?
ഇല്ല.ഹിറ്റിന്റെ പുറത്ത് കിട്ടുന്ന വരുമാനം ഷെയർ ചെയ്യും.നിർമ്മാതാവിനും സംവിധായകനും എഴുത്തുകാരനും വിഹിതം കിട്ടും.അതിന്റെ അനുപാതം തീരുമാനിക്കാനുള്ള ചർച്ചകൾ നടക്കുന്നു.ഫിലിം ഇതിലേക്ക് തരുന്നവർക്ക് അത് പിൽക്കാലത്ത് പ്രേക്ഷകർ കണ്ടാലും വിഹിതം കിട്ടിക്കൊണ്ടിരിക്കും.
തിയേറ്ററിൽ കാണിക്കാത്ത ചിത്രങ്ങളാണോ പൊതുവെ ഉണ്ടാവുക?
അല്ല.ഓടിയവയും കാണിക്കും.മറ്റ് ഒ.ടി.ടികൾ സിനിമ പർച്ചേസ് ചെയ്യുകയല്ലേ.നമ്മൾ അങ്ങനെ ചെയ്യില്ല.ബിഗ്സ്ക്രീനിൽ കണ്ടശേഷം ഒ.ടി.ടിയിലേക്ക് പോകും.
മുൻഗണനയുണ്ടോ?
ദേശീയ- സംസ്ഥാന അവാർഡുകളും അംഗീകാരങ്ങളും നേടിയ ചിത്രങ്ങൾക്ക് മുൻഗണനയുണ്ടാകും.
മറ്റുഭാഷകളിലെ ചിത്രങ്ങളോ?
അവർക്ക് താത്പ്പര്യമുണ്ടെങ്കിൽ ഇംഗ്ളീഷ് സബ് ടൈറ്റിലോടെ കാണിക്കാം.ഉദാഹരണത്തിന് ദേശീയ അവാർഡ് നേടിയ മറുഭാഷകളിലെ ചിത്രങ്ങൾ കാണിക്കാവുന്നതേയുള്ളു.
ഒ.ടി.ടി മെമ്പർഷിപ്പ് പ്രേക്ഷകർക്ക് എങ്ങനെ ലഭിക്കും?
അതൊരു വാലറ്റാണ്.ഒരു തുക ഇടാം.കാണുന്നതിനനുസരിച്ച് അത് കുറഞ്ഞുകൊ ണ്ടിരിക്കും.
ആയിരമോ,രണ്ടായിരമോ, അഞ്ഞൂറോ ഇരുനൂറോ ഇട്ടാൽ,ഒരു പടത്തിന് നിശ്ചിതമായ ഒരു തുക കാണുമല്ലോ.കണ്ടുകഴിഞ്ഞാൽ അത് കുറഞ്ഞുവരും.ഫോൺ ചാർജ്ജ് ചെയ്യുന്നതുപോലെ
പ്രീ പെയ്ഡാണോ?
അതെ.ഒരു സിനിമ മാത്രമായും കാണാം.
അമൃത ഷെർഗിലിന്റെ കഥയുമായി ഷാജി

അമൃത ഷെർഗിലിൻ
വിശ്രുത ചിത്രകാരി അമൃത ഷെർഗിലിന്റ കഥ ഷാജി എൻ.കരുൺ സിനിമയാക്കുന്നു.ഇനി അദ്ദേഹം സംവിധാനം ചെയ്യുന്ന ചിത്രം ഇതായിരിക്കും .ഇതിന്റെ പ്രഖ്യാപനം കാൻ ചലച്ചിത്ര മേളയിൽ നടന്നു.അമൃത എന്നാണ് സിനിമയുടെ പേര്. ഫ്രഞ്ച്,ഹംഗറി,പോർച്ചുഗൽ ഇന്ത്യ സംയുക്ത സംരഭമാണ്. 2023 ൽ ചിത്രം പൂർത്തിയാക്കാനാണ് ആലോചിക്കുന്നതെന്ന് ഷാജി എൻ.കരുൺ പറഞ്ഞു.ഹംഗേറിയൻ ജൂത വംശജയുടെയും പഞ്ചാബി ഫിലോസഫറുടെയും മകളായ ഷെർഗിൽ ഇരുപത്തിയേഴാം വയസിലാണ് മരിച്ചത്.വിലമതിക്കാനാവാത്ത മൂല്യമാണ് അവരുടെ ചിത്രങ്ങൾക്കുള്ളത്. മെക്സിക്കൻ നടിയേയോ ഹംഗേറിയൻ നടിയേയോ നായികയായി അവതരിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. ഷോർട്ട് ലിസ്റ്റ് ചെയ്തിട്ടുണ്ട്. ബേസ് ലൈൻ തയ്യാറായി.തിരക്കഥയുടെ പണിപ്പുരയിലാണ് ഷാജി.ഹംഗറി,പഞ്ചാബി,ഫ്രഞ്ച് തുടങ്ങിയ ഭാഷകൾ വരും.ഹംഗറി,പാരീസ് ,പോർച്ചുഗൽ,തഞ്ചാവൂർ,കൊച്ചി എന്നിവിടങ്ങളിലെല്ലാം ചിത്രീകരണം ഉണ്ടാകും.ഒരു ആർട്ടിസ്റ്റായി വളരാൻ അവർക്ക് പ്രേരണയായത് അവർ അനുഭവിച്ച വേദനയാണ് .അതാകും സിനിമ ഫോക്കസ് ചെയ്യുകയെന്ന് ഷാജി എൻ.കരുൺ പറഞ്ഞു.