
മനഷ്യകഥാനുയായികളായ രചനകളോടാണ് ഏറെ എഴുത്തുകാർക്കും താത്പര്യം. ജീവികളുടെയും സസ്യങ്ങളുടെയും മനമറിയുന്നവർ ചുരുക്കമാണ്. ജന്തുക്കളുടെയും സസ്യങ്ങളുടെയും വികാരവിചാരങ്ങളെ ആർദ്രതയോടെ ഒപ്പിയെടുക്കുന്നുവെന്നതാണ് ഡോ. ഷീജ കുമാരി കൊടുവഴന്നൂർ എന്ന എഴുത്തുകാരിയെ വേറിട്ടതാക്കുന്നത്.
കഥാപാത്രങ്ങളിൽ പരകായപ്രവേശം നടത്തുന്നവരുണ്ട്. സ്വന്തം ശരീരത്തിൽ നിന്ന് ഒരാൾ തന്റെ ആത്മാവിനെ മറ്റൊരാളിലേക്ക് പ്രവേശിപ്പിച്ച് അയാളായി മാറുന്നതിനെയാണ് പരകായപ്രവേശം (Extra sensory perception) എന്ന് പറയുന്നത്.
ശങ്കരാചാര്യർ അമരുകനിൽ പരകായ പ്രവേശം നടത്തിയ കഥ പുരാണങ്ങളിലുണ്ട്. പതഞ്ജലി മഹർഷിയും 'യോഗസംഹിത"യിൽ പരകായ പ്രവേശത്തെപ്പറ്റി സൂചിപ്പിക്കുന്നുണ്ട്.ഡോ. ഷീജ കുമാരി കൊടുവഴന്നൂർ രചിച്ച 'ഞാൻ സഹ്യപുത്രൻ" എന്ന കഥയിൽ എഴുത്തുകാരി പദ്മനാഭൻ എന്ന ആനയിലേക്ക് പരകായപ്രവേശം നടത്തിയ അനുഭവമാണ് വായനക്കാരനുണ്ടാകുക. ആനതന്നെ കഥ പറയുന്ന രീതിയിൽ രചിച്ച ഈ കഥയിൽ ആനയെക്കുറിച്ചുള്ള വിജ്ഞാന വിവരണങ്ങളും പഴഞ്ചൊല്ലുകളുമെല്ലാം കൂട്ടിച്ചേർത്ത് അസാധാരണമായ ഒരു വായനാനുഭവം സമ്മാനിക്കുന്നു. ആനകളെ കൗതുകത്തോടെ നോക്കിക്കാണുന്നവരാണ് മലയാളികൾ. ചെറിയ മനസും ഭീമാകാരമായ ശരീരവുമുള്ള മിണ്ടാപ്രാണികളായ ഗജവീരന്മാരെ മനുഷ്യൻ അവന്റെ ഇംഗിതത്തിനനുസരിച്ച് 'ഇടത്താനേ, വലത്താനേ, നടയാനേ" എന്നൊക്കെ പറഞ്ഞ് വരച്ച വരയിൽ നിറുത്തുമ്പോൾ അവറ്റകൾ അനുഭവിക്കുന്ന വേദനയയെയും കഷ്ടതകളെയും കുറിച്ച് ആരും ഓർക്കാറില്ല. മനുഷ്യനെപ്പോലെ ചിന്തയും വിചാര വികാരങ്ങളും മാതൃസ്നേഹവും ഉറ്റവരെ പിരിഞ്ഞതിന്റെ ദുഃഖവുമൊക്കെ ഉണ്ടെന്നത് പദ്മനാഭനിലൂടെ എഴുത്തുകാരി ഹൃദ്യമായി വരച്ചുകാട്ടുകയാണ്.
ആനകളെക്കുറിച്ചറിയാൻ താത്പര്യമുള്ള വിദ്യാർത്ഥികൾക്കും മുതിർന്നവർക്കും അറിവ് പകരാനും ആനയെ സ്നേഹിക്കാനുള്ള മനോഭാവം ഉണ്ടാക്കാനും ഇതുപകരിക്കും. ഡോ.ഷീജ കുമാരിയുടെ 'വിശ്വാസങ്ങളിലെ ജന്തുക്കൾ" എന്ന പുസ്തകത്തിൽ നമ്മുടെ വിശ്വാസത്തിന്റെ ഭാഗമായ, ദേവഗണങ്ങൾക്ക് പ്രിയങ്കരരായ പക്ഷിമൃഗാദികളാണ് കഥാപാത്രങ്ങൾ. ലോകത്തു നിന്ന് അന്യം നിന്നു പോകാൻ സാദ്ധ്യതയുള്ള ഒരുകൂട്ടം ജീവജാലങ്ങളെ നമുക്ക് സംരക്ഷിക്കാനാകുമെന്ന് പുസ്തകം അടിവരയിടുന്നു.
തിരുവനന്തപുരം 'ഡയറ്റിൽ" പ്ളാനിംഗ് ആന്റ് മാനേജ്മെന്റ് സീനിയർ അദ്ധ്യാപികയായ ഷീജ കുമാരിയുടെ 13 ഓളം പുസ്തകങ്ങൾ ഇതുവരെപ്രസിദ്ധീകരിച്ചു. അതിലേറെയും സസ്യങ്ങളും ജീവികളുമാണ് കഥാപാത്രങ്ങൾ. 'സസ്യങ്ങൾ വിശ്വാസങ്ങളിൽ" എന്ന ആദ്യ പുസ്തകത്തിന് സഹ്യാദ്രി നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റിയുടെ മികച്ച പരിസ്ഥിതി പുസ്തകത്തിനുള്ള പുരസ്ക്കാരം ലഭിച്ചു.
അദ്ധ്യാപികയും ട്രെയിനറുമെന്ന നിലയിലെ മികവുറ്റ പ്രവർത്തനത്തിന് കൗൺസിൽ ഒഫ് ടീച്ചർ എഡ്യുക്കേഷന്റെ ബെസ്റ്റ് ടീച്ചർ എഡ്യുക്കേറ്റർ അവാർഡും ലഭിച്ചു. സസ്യശാസ്ത്രത്തിലും എഡ്യുക്കേഷനിലും ബിരുദാനന്തരബിരുദവും എഡ്യുക്കേഷനിൽ ഡോക്ടറേറ്റും വിദ്യാഭ്യാസ മാനേജ്മെന്റിൽ രണ്ട് ബിരുദാനന്തര ബിരുദ ഡിപ്ളോമയും നേടി. ആറ്റിങ്ങൽ കെ.പി.ആർ.എ, 96 'വൈഷ്ണവ"ത്തിൽ ഏജീസ് ഓഫീസ് ജീവനക്കാരൻ വി. വേണുകുമാറിന്റെ ഭാര്യയാണ്. നിതിൻ വേണു, നിരഞ്ജന വേണു എന്നിവർ മക്കൾ.
