മയിൽപ്പീലി

ഒരാൾ തന്റെ കഴുത്തിലിട്ട പൂമാലയെക്കുറിച്ച് ഒരു പശു ഒരിക്കലും ചിന്തിക്കുന്നില്ല. അതിന്റെ ശ്രേഷ്ഠതയോ സുഗന്ധമോ അറിയുന്നുമില്ല. പശുവിന്റെ സ്ഥാനത്ത് മനോനില തകരാറിലായവനോ ബോധമില്ലാത്തവനോ ആയാലും സ്ഥിതി വ്യത്യസ്തമല്ല. പുരുഷോത്തമൻനായർ ശങ്കരാചാര്യരുടെ വിവേകചൂഡാമണിയിലെ ഒരാശയം പറഞ്ഞപ്പോൾ ഓഫീസിൽ കടുത്ത തർക്കത്തിൽ മുഴുകിയിരുന്ന സഹപ്രവർത്തകർ നിശബ്ദരായി. നൂറുകണക്കിന് വനിതകൾ ജോലിചെയ്യുന്ന സർക്കാർ ഓഫീസിൽ ചെറിയൊരു കൈപ്പിഴയ്ക്ക് വിമല സസ്പെൻഷനിലായതായിരുന്നു തർക്കവിഷയം. ചിലർ ജാതിയും മതവും നോക്കി അവരെ ന്യായീകരിച്ചു. ചിലർ രാഷ്ട്രീയനിറം നോക്കി ശക്തമായി വിമർശിച്ചു.
വിമല മാഡത്തിനൊപ്പം കുറെനാൾ ഡ്രൈവറായി ജോലിനോക്കിയിട്ടുള്ള ഉണ്ണിക്കൃഷ്ണൻ പറഞ്ഞത് പലരും ശ്രദ്ധിച്ചു. വലിയ ഒരു വിരൽ കണ്ണിൽ കൊണ്ടാൽ ചിലപ്പോൾ വലിയ പരിക്കേറ്റെന്നുവരില്ല. സമയം മോശമാണെങ്കിൽ ചെറിയ സൂചിയോ ഈർക്കിലോ പോരേ? അർത്ഥഗർഭമായ ഒരു പരിഹാസച്ചിരിയും ആ ചോദ്യത്തിനൊപ്പമുണ്ടായിരുന്നു. അതിന്റെ പിന്നാമ്പുറ കഥ പലരും ആരാഞ്ഞപ്പോൾ ഉണ്ണിക്കൃഷ്ണൻ ചില സൂചനകൾ മാത്രം നൽകി. കഴിഞ്ഞ വർഷം പ്യൂൺ ശശി ജോലികഴിഞ്ഞ് മടങ്ങുമ്പോൾ ബസിൽനിന്ന് വീണു. നാട്ടുചികിത്സയും ആയുർവേദവും അലോപ്പതിയുമായി രണ്ടാഴ്ച ചികിത്സ. എന്നിട്ടും വേദനയ്ക്കു കുറവില്ല. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പരിശോധിച്ചപ്പോൾ നട്ടെല്ലിനും തുടയെല്ലിനും ക്ഷതമുണ്ട്. ശസ്ത്രക്രിയ വേണം. മേലധികാരി സന്മനസുള്ളയാളായതുകൊണ്ട് പല കാര്യങ്ങളിലും ഇളവുകൾ നൽകി. ശമ്പള തടസവും ഉണ്ടായില്ല. വല്ലപ്പോഴും ആട്ടോയിൽ ഭാര്യയ്ക്കൊപ്പം വന്ന് ഒപ്പിടും. മേലധികാരി പ്രൊമോഷനായി സ്ഥലം മാറിപ്പോയി. ആ കസേരയിലേക്കാണ് വിമല മാഡമെത്തുന്നത്. വരണ്ട ചിരി. ധാർഷ്ട്യം തുളുമ്പുന്ന നോട്ടം. സ്വന്തം കാര്യമൊഴികെ മറ്റുള്ളവരുടെ കാര്യത്തിൽ അണുവിട വിട്ടുവീഴ്ചയില്ല. ആർക്കുമെപ്പോഴും സംഭവിക്കാവുന്നതാണ് വീഴ്ചകളും അപകടങ്ങളും. ശശിയുടെ കുടുംബം കഷ്ടത്തിലാണ്. വീഴ്ചയ്ക്കുമുമ്പ് എല്ലാ കാര്യങ്ങളും ഓടിനടന്ന് ചെയ്യുമായിരുന്നു. സത്യസന്ധൻ. പരോപകാരി. ഇങ്ങനെ ശശിക്കു വേണ്ടി വാദിക്കാനെത്തിയ സഹപ്രവർത്തകരെ വിമല മാഡം ആട്ടിപ്പുറത്താക്കി. സഹപ്രവർത്തകർ പറഞ്ഞതനുസരിച്ച് വിമലമാഡത്തെ കാണാൻ ഭാര്യയുടെയും മകന്റെയും സഹായത്തോടെ ഓഫീസിലെത്തിയ ശശി ആയാസപ്പെട്ടാണ് മാഡത്തെ തൊഴുതത്. ഇതിലും ഭേദം പോയി ചത്തൂടെ എന്നു ചോദിച്ചുകൊണ്ട് മാഡം ഒരു ചിരി ചിരിച്ചു. ശശിയും ഭാര്യയും മകനും കണ്ണുകൾ തുടച്ചുകൊണ്ടാണ് പുറത്തേക്ക് വന്നത്. കഷ്ടിച്ച് മൂന്നാഴ്ചയേ ആയുള്ളൂ. പണ്ടൊക്കെ പിന്നെപ്പിന്നെ. ഇപ്പോഴെല്ലാം കൈയുടനെ അല്ലെങ്കിൽ ചെറിയൊരു കൈപ്പിഴക്ക് ഇങ്ങനെ സസ്പെൻഷനും നാണക്കേടുമുണ്ടാകുമോ. എന്തായാലും വിമലമാഡത്തോട് ഒരു സഹതാപവും എനിക്ക് തോന്നുന്നില്ല. ഉണ്ണിക്കൃഷ്ണന്റെ വാക്കുകൾ കേട്ട് ചിരിച്ചുകൊണ്ട് പുരുഷോത്തമൻനായർ ഇടപെട്ടു: മറ്റുള്ളവരോട് കാരുണ്യവും സ്നേഹവും കാട്ടാത്തവർ അതൊക്കെ തനിക്ക് കിട്ടണമെന്ന് ആഗ്രഹിക്കാമോ: മാനിനെയും മുയലിനെയും തലോടാൻ തോന്നും. എന്ന് കരുതി മുള്ളൻപന്നികൾ മറ്റുളളവരുടെ സ്നേഹത്തലോടൽ കൊതിക്കാമോ?
ഫോൺ: 9946108220