ബുക്ക് റിലീസ്

ശ്രീനാരായണ ഗുരുവിനെക്കുറിച്ച് ആഴത്തിൽ പഠിക്കാനാഗ്രഹിക്കുന്നവർക്ക് എക്കാലവും സൂക്ഷിച്ച് കൈവശം വച്ച് ഉപയോഗിക്കാവുന്ന ഒരു റഫറൻസ് ഗ്രന്ഥം ശ്രീനാരായണഗുരു ആന്തോളജിയിലൂടെ ജി. പ്രിയദർശനൻ നിർവഹിച്ചിരിക്കുന്നു . (ശ്രീനാരായണഗുരു ആന്തോളജി ഒന്നും രണ്ടും ഭാഗങ്ങൾ,എഡിറ്റർ : ജി. പ്രിയദർശനൻ ), ഓരോ വിഷയവും പ്രത്യേക ശീർഷകമായി ക്രമീകരിച്ചിരിക്കുന്നതു കൊണ്ട് റഫറൻസ് വളരെ സുഗമമായിത്തീരുന്നു. ഒന്നാം ഭാഗത്തിൽ ഏഴ് അധ്യായങ്ങളും മൂന്ന് അനുബന്ധവുമുണ്ട്. നാരായണഗുരുവിന്റെ കൃതികളും, ഗുരുവിനെ സംബന്ധിച്ച് ഇതുവരെയുണ്ടായിട്ടുള്ള ഗവേഷണപ്രബന്ധങ്ങളുടെ പട്ടികയും ജീവിതരേഖയും അനുബന്ധമായി ചേർത്തുകൊണ്ട് ഒന്നാം വാല്യം അവസാനിപ്പിക്കുന്നു.
ഗുരു സമാധിയായതിനുശേഷം ഗുരുവിനെയും ഗുരുദേവകൃതികളെയും കുറിച്ച് പഠിച്ചിട്ടുള്ള 41 ലേഖനങ്ങളോടെയാണ് രണ്ടാം ഭാഗം ആരംഭിക്കുന്നത്. ഗുരു നിത്യചൈതന്യയതി മുതൽ ഇതുവരെയുള്ള എഴുത്തുകാർ ഈ അധ്യായത്തിൽ ഒത്തുചേരുന്നുണ്ട്. ഗുരുവിന്റെ ദർശനം, വിദ്യാഭ്യാസ സങ്കല്പം, അധഃകൃത സമുദായങ്ങളിൽ സ്വാതന്ത്ര്യബോധം സൃഷ്ടിച്ച ഗുരുവിന്റെ കർമ്മപരിപാടികൾ, ശ്രീനാരായണധർമ്മത്തിന്റെ പൊരുൾ, ശ്രീനാരായണഗുരുവും ചട്ടമ്പിസ്വാമികളും, ശ്രീനാരായണസാഹിത്യം, ശ്രീനാരായണനും ശ്രീശങ്കരനും തുടങ്ങി വൈവിദ്ധ്യപൂർണ്ണങ്ങളായ 41 ലേഖനങ്ങൾ ഈ അധ്യായത്തിലുണ്ട്.
അരുവിപ്പുറം പ്രതിഷ്ഠ മുതൽ മഹാത്മാഗാന്ധിയുമായുള്ള കൂടിക്കാഴ്ച വരെ രേഖപ്പെടുത്തുന്ന അധ്യായം ചരിത്രരേഖകളായിട്ടാണ് ഉൾക്കൊള്ളിച്ചിട്ടുള്ളത്. തുടർന്ന് ഗുരുവിനെ നിരീക്ഷിച്ചിട്ടുള്ള ലോകപ്രശസ്ത വ്യക്തികളുടെ അഭിപ്രായങ്ങളും ചില രാഷ്ട്രനേതാക്കളുടെ അഭിപ്രായങ്ങളും കാണാൻ കഴിയും.
ഇത്രയും ലേഖകരെ ഒരുമിച്ചു കേൾക്കാനും അതിന്റെ അടിസ്ഥാനത്തിൽ ഓരോരുത്തർക്കും അവരുടെ വീക്ഷണത്തിനനുസരിച്ച് ഗുരുവിനെ ഉൾക്കൊള്ളാനും പറ്റുന്ന മറ്റൊരു ഗ്രന്ഥം ഇതുവരെ മലയാളത്തിലെന്നല്ല ഒരു ഭാഷയിലും ഉണ്ടായിട്ടുള്ളതായി അറിയില്ല. ചരിത്രവിദ്യാർത്ഥികൾക്കും ഗവേഷകർക്കും ആധികാരികമായി ഉപയോഗിക്കാവുന്ന ഈ ബൃഹദ്ഗ്രന്ഥം ശ്രീനാരായണപഠനരംഗത്ത് എക്കാലവും തലയെടുപ്പോടെ തന്നെ നിൽക്കും.വേണ്ടുവോളം പുസ്തകങ്ങൾ പ്രസാധനം ചെയ്തിട്ടുള്ള ജി. പ്രിയദർശനൻ ശാശ്വതമൂല്യമുള്ള വസ്തുതകൾ തേടിപ്പിടിക്കുന്ന ഗവേഷകരുടെയും ഗവേഷകനാണ്. അദ്ദേഹത്തിൽ നിന്നും ഇനിയും ഇത്തരം കൃതികൾ കൈരളിക്ക് ലഭിക്കുമാറാകട്ടെ എന്നാശംസിക്കുന്നു.പ്രസാധകർ:കലാപൂർണ്ണ പബ്ലിക്കേഷൻസ്-9447799621