
പിഞ്ചോമനതൻ കിളിക്കൊഞ്ചലും
കുറുമൊഴിയും പാൽപ്പുഞ്ചിരിയും
മൃദുചുംബനവുമിപ്പോഴും
ഓർമ്മത്തൊട്ടിലാട്ടുന്നു.
അക്ഷരാമൃതം നുണഞ്ഞ
മൃതകണങ്ങളായ്
തൈജസിയാം താരകങ്ങളെ
മായ്ച്ചാലും മായാത്തൊരൂഷ്മളത
പൊക്കിൾക്കൊടിയിലുറഞ്ഞിരിപ്പൂ!
ഹൃദയത്തിൻ കോണിലൊളിപ്പിച്ച്
താലോലിച്ചോമനത്തം തൂകി
അഹോരാത്രമാവോളം കനിഞ്ഞ്
താങ്ങായ് തണലായ് കാവലുമായ്
സ്രോതസ്സുധാരയായ് സർവ്വവും
പങ്കിട്ടുകൊയ്തെടുത്തയീനിധികളെ
കാത്തുവെക്കുമെന്നെന്നേക്കുമായി.
അരുമക്കിടാങ്ങൾതൻ വൈഭവമേ
വംശവൃക്ഷത്തിൻ വസന്തമേ
പുനർജ്ജനിക്കൂവീണ്ടുമെന്നിൽ
വാത്സല്യപ്പൂന്തികളേ!