
കൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസിൽ ഒളിവിൽ കഴിയുന്ന നടനും നിർമാതാവുമായ വിജയ് ബാബു ദുബായിലെ ഉന്നതന്റെ സംരക്ഷണത്തിലെന്ന് സൂചന. നടന്റെ പാസ്‌പോർട്ട് നേരത്തെ റദ്ദാക്കിയിരുന്നു. യാത്രാരേഖകൾ ഇല്ലാത്തതിനാൽ ദുബായ് പൊലീസിന്റെ സഹകരണമുണ്ടെങ്കിൽ ഇന്റർപോളിന് വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യാം. എന്നാൽ ഉന്നത സ്വാധീനമുള്ളതിനാലാണ് അറസ്റ്റ് ചെയ്യാത്തതെന്നാണ് വിവരം.
ഈ മാസം 30ന് നാട്ടിലെത്തുമെന്ന് വിജയ് ബാബു നേരത്തെ ഹൈക്കോടതിയെ രേഖാമൂലം അറിയിച്ചിരുന്നു. മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കണമെങ്കിൽ നടൻ നാട്ടിലെത്തണമെന്ന് നേരത്തെ കോടതി നിർദ്ദേശിച്ചിരുന്നു. ഇതിനുപിന്നാലെയാണ് തിങ്കളാഴ്‌ച കൊച്ചിയിൽ മടങ്ങിയെത്താനുള്ള ഫ്ളൈറ്റ് ടിക്കറ്റിന്റെ പകർപ്പ് ഹാജരാക്കിയത്. എന്നാൽ ഹർജിയിൽ വാദം തിങ്കളാഴ്‌ചയും തുടരുന്ന സാഹചര്യത്തിൽ വിമാന ടിക്കറ്റ് റദ്ദാക്കി, യാത്ര നീട്ടിവയ്ക്കുമോ എന്ന കാര്യത്തിൽ പൊലീസിന് സംശയമുണ്ട്.
അതേസമയം, ബലാത്സംഗ കേസ് രജിസ്റ്റർ ചെയ്യുന്നതിന് മുൻപ് വിജയ് ബാബു പരാതിക്കാരിയുടെ അമ്മയെ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഏപ്രിൽ 19നാണ് നടൻ നടിയുടെ അമ്മയെ വിളിച്ചത്. കേസെടുക്കുമെന്ന് അറിഞ്ഞുകൊണ്ടാണ് വിദേശത്തേക്ക് കടന്നതെന്നും സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി.
ഏപ്രിൽ 22നാണ് നടി പൊലീസിൽ പരാതി നൽകിയത്. സിനിമയിൽ അവസരങ്ങൾ വാഗ്ദാനം ചെയ്ത് പലവട്ടം വിജയ് ബാബു ബലാത്സംഗം ചെയ്തിട്ടുണ്ടെന്നാണ് പരാതി. എന്നാൽ ഉഭയസമ്മത പ്രകാരമാണ് ലൈംഗിക ബന്ധത്തിലേർപ്പെട്ടതെന്നാണ് നടന്റെ വാദം.