rojin

ഇന്നലെയായിരുന്നു സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപിച്ചത്. 'ഹോം' സിനിമയ്ക്ക് അവാർഡ് നൽകാത്തതിൽ സിനിമാ മേഖലയിൽ നിന്നുള്ളവരും ആരാധകരുമൊക്കെ വിമർശനവുമായി രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ് സംവിധായകൻ റോജിൻ തോമസ്.

എന്തുകൊണ്ടാണ് അവാർഡ് നൽകാത്തതെന്ന് പറയാത്തതിൽ വിഷമമുണ്ടെന്നും എന്നാൽ പ്രതിഷേധമില്ലെന്നും സംവിധായകൻ വ്യക്തമാക്കി. ജനം നൽകിയ പിന്തുണയാണ് ഏറ്റവും വലിയ പുരസ്‌കാരമെന്നും അദ്ദേഹം പറഞ്ഞു.

സിനിമ അവസാന റൗണ്ട് വരെ എത്തിയെന്ന് മാദ്ധ്യമങ്ങളിലൂടെ കേട്ടിരുന്നു. ആ നിമിഷം ആഗ്രഹിച്ചുപോയിരുന്നു. അത് ആർക്കാണെങ്കിലും സ്വാഭാവികമായി തോന്നുന്നതാണ്. പക്ഷേ അവാർഡ് കിട്ടിയില്ല എന്നോർത്ത് സങ്കടമില്ല. പ്രേക്ഷകർ ആ ചിത്രത്തെ നെഞ്ചോട് ചേർത്തുകഴിഞ്ഞു. അതാണ് ഏറ്റവും വലിയ അവാർഡ് എന്നും സംവിധായകൻ പറഞ്ഞു.

നിർമാതാവ് വിജയ് ബാബുവിനെതിരായ കേസിന്റെ പേരിലാണ് സിനിമ മാറ്റി നിർത്തപ്പെട്ടതെങ്കിൽ അതു മാറ്റേണ്ട പ്രവണതയാണ്. അതല്ല കാരണമെന്ന് ജൂറി പറഞ്ഞിരുന്നു. സത്യാവസ്ഥ അറിയില്ല. വലിയതോതിൽ ജനങ്ങളുടെ പ്രതികരണം വന്നതിനുശേഷമാണ് ജൂറിവിശദീകരണം നൽകിയതെന്നും അദ്ദേഹം വ്യക്തമാക്കി.