popular-front

ആലപ്പുഴ: പോപ്പുലർ ഫ്രണ്ടിന്റെ റാലിയിൽ പത്ത് വയസുകാരൻ വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ അച്ഛൻ കസ്റ്റഡിയിൽ. കൊച്ചി പള്ളുരുത്തിയിലെ വീട്ടിൽ നിന്നാണ് കുട്ടിയുടെ പിതാവ് അസ്ക്ക‍ര്‍ അലിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പോപ്പുലര്‍ ഫ്രണ്ട് പ്രവ‍ര്‍ത്തകനായ ഇയാളെ ആലപ്പുഴയിലേക്ക് കൊണ്ടുവരും. ആലപ്പുഴയിൽ നിന്നുള്ള പൊലീസ് സംഘവും കൊച്ചിയിലെത്തിയിട്ടുണ്ട്.

മുദ്രാവാക്യം വിളിച്ചതില്‍ കേസെടുത്തതിന് പിന്നാലെ കുട്ടിയേയും മാതാപിതാക്കളേയും കാണാതായിരുന്നു. ടൂറിലായിരുന്നുവെന്നും ഇതിനിടയിലാണ് കേസെടുത്ത വിവരം അറിയുന്നതെന്നുമാണ് കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കുന്ന വിശദീകരണം. കുട്ടിയുടെ പിതാവിനെ കസ്റ്റഡിയിലെടുത്തതിനെതിരെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ പ്രതിഷേധിച്ചു. സംഭവത്തില്‍ മുദ്രാവാക്യം ഏറ്റുവിളിച്ചവരടക്കം നിരവധി പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

മുദ്രാവാക്യം വിളിച്ചതിന് സംഘാടകർക്കെതിരെ ശക്തമായ നടപടി എടുക്കണമെന്ന് ഹൈക്കോടതിയും ആവശ്യപ്പെട്ടിരുന്നു. ആലപ്പുഴയിൽ നിന്നുള്ള പൊലീസ് സംഘം കുട്ടിയുടെ വീട്ടിൽ കഴിഞ്ഞ ദിവസം എത്തിയിരുന്നെങ്കിലും വീട് പൂട്ടിയിട്ട നിലയിലായിരുന്നു.