joy

കൊച്ചി: ഇന്ദ്രൻസ് മുഖ്യവേഷത്തിലെത്തിയ 'ഹോം' സിനിമ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിൽ പരിഗണിക്കപ്പെടാതെ പോയ സംഭവത്തിൽ പ്രതികരണവുമായി നടനും സംവിധായകനുമായ ജോയ്‌ മാത്യു. 'ഇന്ദ്രൻസ് ഒരു നല്ല നടനാണ്, മോശം നടനല്ലെന്ന് നമുക്കൊക്കെ അറിയാം, ഹോം നല്ല സിനിമയാണെന്നും നമുക്കറിയാം. ജൂറിയുടെ തീരുമാനമാണ് അന്തിമം അതറിഞ്ഞാണല്ലോ അവാർഡിന് അയക്കുന്നത്.' ജോയ് മാത്യു പറഞ്ഞു. ജൂറി തിരഞ്ഞെടുത്തവരാരും മോശക്കാരല്ലെന്നും 'ആർക്കറിയാം' എന്ന സിനിമയിൽ ബിജു മേനോന്റെ മികച്ച പ്രകടനമാണ് കണ്ടതെന്നും ജോയ് മാത്യു അഭിപ്രായപ്പെട്ടു.

റോജിൻ തോമസ് സംവിധാനം ചെയ്‌ത് വിജയ് ബാബു നിർമ്മിച്ച ചിത്രമായ 'ഹോം' മികച്ച പ്രേക്ഷക പ്രശംസ നേടിയ ചിത്രമായിരുന്നു. എന്നാൽ ഒരുവിഭാഗത്തിൽ പോലും ഹോമിന് അവാർഡ് ലഭിച്ചില്ല. നിർമ്മാതാവായ വിജയ് ബാബുവിനെതിരായ പീഡന പരാതിയെത്തുടർന്ന് ഒഴിവാക്കപ്പെട്ടതാണോ എന്ന ചോദ്യം ഉയർന്നിരുന്നു. യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷൻ ഷാഫി പറമ്പിലും യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലും നടി രമ്യാ നമ്പീശനും ഇന്ദ്രൻസിന് പിന്തുണയുമായി എത്തിയിരുന്നു.

ഹോം സിനിമയ്‌ക്ക് അവാർഡ് പ്രതീക്ഷിച്ചിരുന്നതായും ജൂറി സിനിമ കണ്ടുകാണില്ലെന്നുമാണ് ഇന്ദ്രൻസ് പ്രതികരിച്ചത്. ഹൃദയം സിനിമയും നല്ല സിനിമയാണ്. അതിനോടൊപ്പം ചേർത്തുവയ്‌ക്കേണ്ട സിനിമയാണ് ഹോം. അവാർഡ് നൽകാതിരിക്കാനുള‌ള കാരണം നേരത്തെ കണ്ടിട്ടുണ്ടാകാമെന്നും വിജയ് ബാബുവിനെതിരായ കേസും കാരണമായേക്കാമെന്നും ഇന്ദ്രൻസ് പറഞ്ഞു. വിജയ് ബാബു നിരപരാധിയാണെന്ന് തെളിഞ്ഞാൽ ജൂറി തിരുത്തുമോയെന്നും ഇന്ദ്രൻസ് ചോദിച്ചിരുന്നു.