arrested

ഭുവനേശ്വർ: ഒഡീഷ ബെര്‍ഹാംപൂരിൽ അനധികൃതമായി ലിംഗനിർണയവും ഗർഭച്ഛിദ്രവും നടത്തിവരുന്ന സംഘം പൊലീസിന്റെ പിടിയിൽ. ലിംഗ നിര്‍ണയ പരിശോധനകേന്ദ്രത്തിന്റെ ഉടമയും ഇയാളുടെ ക്ലിനിക്കില്‍ ഗര്‍ഭിണികളെ എത്തിച്ചിരുന്ന ആശ വര്‍ക്കറുമടക്കം 13 പേരാണ് പിടിയിലായത്. രഹസ്യ കേന്ദ്രത്തിൽ അൾട്രാ സൗണ്ട് സ്കാനിംഗ് നടത്തിയിരുന്ന സംഘം, പെൺകുഞ്ഞാണെന്ന് കണ്ടെത്തിയാൽ ഗർഭച്ഛിദ്രം നടത്തിയിരുന്നതായും പൊലീസ് പറഞ്ഞു.

ബെര്‍ഹാംപൂർ സ്വദേശി ദുർഗ പ്രസാദ് നായിക്കിന്റെ ഉടമസ്ഥതയിലുള്ളതാണ് ക്ലിനിക്ക്. കഴിഞ്ഞ മൂന്ന് വർഷമായി ഇയാളുടെ വീട്ടിൽ പ്രവർത്തിച്ചുവരുന്ന ക്ലിനിക്കിൽ പൊലീസ് റെയ്ഡിനെത്തിയ സമയത്തും പതിനൊന്ന് ഗർഭിണികൾ ലിംഗ നിർണയത്തിനായി എത്തിയിരുന്നു. ക്ലിനിക്കില്‍ ഉപയോഗിച്ചിരുന്ന അള്‍ട്രാസൗണ്ട് മെഷീനുകളും മറ്റ് ഉപകരണങ്ങളും 18,200 രൂപയും മൊബൈല്‍ഫോണും റെയ്ഡില്‍ പിടിച്ചെടുത്തിട്ടുണ്ട്.

arrested

നഗരത്തിലെ വിവിധ ആശുപത്രികളിലെ ജീവനക്കാരും പിടിയിലായവരിൽ ഉൾപ്പെടും. ഗർഭിണികളെ ക്ലിനിക്കിലേയ്ക്ക് അയക്കുന്ന ആശുപത്രി ജീവനക്കാർക്കും ആശാവർക്കർക്കും ദുർഗ പ്രസാദ് പ്രതിഫലം നൽകിയിരുന്നു. റെയ്ഡ് നടന്ന ദിവസം ആശാ വർക്കർ തന്റെ ഗ്രാമത്തിലെ രണ്ട് ഗർഭിണികളുമായി ക്ലിനിക്കിൽ എത്തിയിരുന്നതായും പൊലീസ് പറഞ്ഞു.