
തിരുവനന്തപുരം: തിരുവനന്തപുരം വിദ്വേഷ പ്രസംഗകേസിൽ നാളെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് പൊലീസ് അറിയിപ്പിൽ പ്രതികരണവുമായി പി.സി ജോർജ്. ഹാജരാകാൻ പറഞ്ഞതിലൂടെ സർക്കാരിന്റെ തൃക്കാക്കര നാടകം പുറത്തായെന്ന് പി.സി ജോർജ് പറഞ്ഞു. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ പരസ്യപ്രചാരണം അവസാനിക്കുന്ന നാളെ തൃക്കാക്കരയിലെത്തി മുഖ്യമന്ത്രിയ്‌ക്ക് മറുപടി നൽകുമെന്ന് പി.സി ജോർജ് മുൻപ് വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് ചോദ്യം ചെയ്യലിന് ഹാജരാകാനുളള നോട്ടീസ് അദ്ദേഹത്തിന് ലഭിച്ചത്.
പറയാനുളളത് തൃക്കാക്കരയിൽ പറയുമെന്നായിരുന്നു ഇന്ന് വീട്ടിലെത്തിയ മാദ്ധ്യമപ്രവർത്തകരോടും ജോർജ് പറഞ്ഞത്. കൂടുതൽ പ്രതികരണങ്ങളും നടത്തിയില്ല. നാളെ രാവിലെ 11 മണിയ്‌ക്ക് തിരുവനന്തപുരം ഫോർട്ട് അസി.കമ്മീഷണർ ഓഫീസിൽ ഹാജരാകണമെന്നാണ് ജോർജിന് പൊലീസ് നോട്ടീസ് നൽകിയിരിക്കുന്നത്. ഫോർട്ട് അസിസ്‌റ്റന്റ് കമ്മീഷണർ തന്നെയാകും ജോർജിനെ ചോദ്യം ചെയ്യുക. അന്വേഷണത്തിന് ആവശ്യമായ വിവരങ്ങൾ ശേഖരിക്കുന്നതിനാണ് ജോർജിനോട് ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നത്. തൃക്കാക്കരയിൽ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് രാഷ്‌ട്രീയ പ്രവർത്തകന്റെ പരിമിതിയിൽ നിന്നുകൊണ്ട് പറയാനുളളത് പറയുമെന്നാണ് മുൻപ് ജോർജ് അറിയിച്ചിരുന്നത്. ഹൈക്കോടതിയുടെ ഉത്തരവിനെ മാനിക്കുമെന്നും ജോർജ് വ്യക്തമാക്കിയിരുന്നു.