kk

ആലപ്പുഴ: ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ട് റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം മുഴക്കിയ സംഭവത്തിൽ കുട്ടിയുടെ പിതാവ് ഉൾപ്പെടെ നാലുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. കുട്ടിയുടെ പിതാവ് അസ്കർ അലി,​ പോപ്പുലർ ഫ്രണ്ട് നേതാക്കളായ ഷമീർ,​ സുധീർ,​ നിയാസ് എന്നിവരാണ് അറസ്റ്റിലായത്. ഇവരെ നാളെ മജിസ്ട്രേറ്റിൻ്റെ മുന്നിൽ ഹാജരാക്കും.

കൊച്ചി പള്ളുരുത്തിയിലെ വീട്ടിൽ നിന്നാണ് കുട്ടിയുടെ പിതാവ് അസ്കറിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. മുദ്രാവാക്യം വിളിച്ചതില്‍ കേസെടുത്തതിന് പിന്നാലെ കുട്ടിയേയും മാതാപിതാക്കളേയും കാണാതായിരുന്നു. ടൂറിലായിരുന്നുവെന്നും ഇതിനിടയിലാണ് കേസെടുത്ത വിവരം അറിയുന്നതെന്നുമാണ് കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കുന്ന വിശദീകരണം.

പത്ത് വയസുകാരനും രക്ഷിതാക്കളും ഇന്ന് രാവിലെയാണ് പള്ളുരുത്തിയിലെ വീട്ടിൽ എത്തിയത്.പോപ്പുലർ ഫ്രണ്ട് പ്രവ‍ർത്തകരെ അറസ്റ്റ് ചെയ്തിട്ടും പത്ത് വയസുകാരനിലേക്ക് എത്താൻ പൊലീസിന് കഴിഞ്ഞിരുന്നില്ല. വീട്ടിലെത്തിയ ഉടൻ അസ്ക്കർ മുസാഫിർ മാദ്ധ്യമങ്ങളുമാ.ി സംസാരിച്ചിരുന്നു.ഇതിന് പിന്നാലെ പള്ളുരുത്തി പൊലീസ് വീട്ടിലെത്തി അസ്ക്കറിനെ കസ്റ്റഡിയിൽ എടുത്തു. സ്റ്റേഷനിൽ എത്തിച്ച ശേഷം ചേർത്തല പൊലീസിന് അസ്ക്കറിനെ കൈമാറി. കുട്ടിയുടെ പിതാവിനെ കസ്റ്റഡിയിലെടുത്തതിനെതിരെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ പ്രതിഷേധിച്ചു.

അതേസമയം മുദ്രാവാക്യം ആരും പഠിപ്പിച്ചതല്ലെന്നും പരിപാടികളിൽ പങ്കെടുത്തപ്പോൾ കേട്ട് പഠിച്ചതാണെന്നുമാണ് പത്ത് വയസുകാരൻ പറയുന്നത്.