
ആലപ്പുഴ: റാലിക്കിടെ കുട്ടി വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ പോപ്പുലർ ഫ്രണ്ട് നേതാവ് യഹിയ തങ്ങൾ അറസ്റ്റിൽ. പോപ്പുലർ ഫ്രണ്ട് സംസ്ഥാന സമിതി അംഗമാണ്. കേസിൽ പിടിയിലാകുന്ന ആദ്യ സംസ്ഥാന നേതാവാണ് യഹിയ തങ്ങൾ.
തൃശൂർ കുന്നംകുളത്തുനിന്നാണ് ഇയാളെ പിടികൂടിയത്. പെരുമ്പിലാവ് സ്വദേശിയായ യഹിയ തങ്ങൾ ആലപ്പുഴ പോപ്പുലർ ഫ്രണ്ട് സമ്മേളനത്തിന്റെ ചെയർമാനായിരുന്നു. അതേസമയം, വിദ്വേഷ മുദ്രാവാക്യം വിളിച്ച പത്തുവയസുകാരനെ കൗൺസലിംഗിന് വിധേയനാക്കി.
കുട്ടിയെ എറണാകുളം ജനറൽ ആശുപത്രിയിലാണ് കൗൺസലിംഗിന് വിധേയനാക്കിയത്. ആവശ്യമെങ്കിൽ തുടർ കൗൺസലിംഗ് നൽകുമെന്ന് ചൈൽഡ് ലൈൻ അറിയിച്ചു. മുദ്രാവാക്യം കാണാതെ പഠിച്ചതാണെന്നും, ഇതേ മുദ്രാവാക്യം മുൻപും വിളിച്ചിട്ടുണ്ടെന്നും കുട്ടി പൊലീസിനോട് പറഞ്ഞിരുന്നു.
പത്തുവയസുകാരന്റെ മാതാപിതാക്കളെയും കൗൺസലിംഗിന് വിധേയനാക്കും. കുട്ടിയുടെ പിതാവിനെ ഇന്നലെ അറസ്റ്റ് ചെയ്‌തിരുന്നു. പോപ്പുലർ ഫ്രണ്ട് പരിപാടികളിൽ കുടുംബ സമേതം പങ്കെടുക്കാറുണ്ടെന്നും മകൻ മുദ്രാവാക്യം പ്രകടനങ്ങളിൽ നിന്ന് കേട്ടുപഠിച്ചതാകാമെന്നും ഇയാൾ മൊഴി നൽകിയിരുന്നു.