temple

തനത് വാസ്‌തുശൈലിയിൽ കെട്ടിട നിർമ്മാണത്തിൽ ഇന്ത്യയിലേത് പോലെ നൂറ്റാണ്ടുകളുടെ പഴക്കമുള‌ള രാജ്യമാണ് ചൈന. രാജ്യത്ത് പ്രധാനമായും വേരോട്ടമുള‌ള ബുദ്ധമതം, താവോയിസം, കൺഫ്യൂഷനിസം എന്നീ മതങ്ങളിൽപെട്ടവർക്ക് ഒരുപോലെ ആരാധനയ്‌ക്ക് ഉപയോഗിക്കാവുന്ന ഒരു ക്ഷേത്രം ചൈനയിലുണ്ട്. ഈ ക്ഷേത്രത്തിന് വാസ്‌തുശാസ്‌ത്രപരമായി അൽപം പ്രത്യേകതകളുണ്ട്. അവ ഇനി അറിയാം.

കുത്തനെയുള‌ള മലനിരകളിൽ ഭൂമിയിൽ നിന്നും അൻപത് മീറ്റർ ഉയരത്തിൽ കീഴ്‌ക്കാംതൂക്കായാണ് 'ദി ഹാങ്ങിംഗ് ടെമ്പിൾ' നിർമ്മിച്ചിരിക്കുന്നത്. ഉദ്ദേശം 1500 വർഷം മുൻപ് വടക്കൻ വെയ് രാജവംശത്തിന്റെ കാലത്ത് ലിയഒറാൻ എന്ന സന്യാസിയാണ് ഈ ക്ഷേത്രം നിർമ്മിച്ചത്. ഏതാണ്ട് എ.ഡി 491ലാണിത്. മലയിലെ 27 മേൽപാലങ്ങളിൽ താങ്ങിനിൽക്കുന്ന തരത്തിലാണ് ക്ഷേത്രത്തിന്റെ നിൽപ്പ്. ചൈനയിലെ ഷാൻസി പ്രവിശ്യയിലെ ഹെംഗ് മലനിരകളിലാണ് ഏകദേശം 40 മുറികളുള‌ള ഈ ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. ഇവയെല്ലാം പരസ്‌പരം ബന്ധിപ്പിച്ചിരിക്കുന്നവയാണ്. പാറയിൽ ദ്വാരമുണ്ടാക്കി പാലം നിർമ്മിച്ച് ഇവയിലാണ് ക്ഷേത്രം സ്ഥാപിച്ചിരിക്കുന്നത്.

hanging-temple

ഒരു മുറിയിൽത്തന്നെ ശാക്യമുനി (ശ്രീബുദ്ധൻ), ലാവോ‌ത്സെ, കൺഫ്യൂഷ്യസ് എന്നിവരുടെ വിഗ്രഹങ്ങളുണ്ട്. ലോകത്തിലെ മികച്ച തനത് വാസ്‌തുശിൽപ വിദ്യയിൽ നിർമ്മിച്ച കെട്ടിടങ്ങളിലൊന്നായി ടൈംസ് മാഗസിൻ ഹാങ്ങിംഗ് ടെമ്പിളിനെ തിരഞ്ഞെടുത്തിട്ടുണ്ട്. 32 മീറ്ററാണ് ക്ഷേത്രസമുച്ചയത്തിന്റെ നീളം. പാറയുടെ ഉള‌ളിലേക്ക് കയറിയിരിക്കുന്ന ഭാഗത്ത് നിർമ്മിച്ചിരിക്കുന്നതിനാൽ ശത്രുക്കളിൽ നിന്നും, മലയിൽ നിന്നും വീഴുന്ന പാറകളിൽ നിന്നും, മഴയിൽ നിന്നും, അതുപോലെ വെള‌ളപ്പൊക്കത്തിൽ നിന്നും സംരക്ഷണം ലഭിക്കും വിധമാണ് ക്ഷേത്രത്തിന്റെ സ്ഥാനം.

ലോകമാകെ നിന്നും നിരവധി ടൂറിസ്‌റ്റുകളാണ് ചൈനയിലെ ഈ വിശിഷ്‌ടമായ ക്ഷേത്രം കാണാനെത്തുക. ഏപ്രിൽ മുതൽ ഒക്‌ടോബർ വരെയുള‌ള സമയത്താണ് ക്ഷേത്ര സന്ദർശനത്തിന് അനുയോജ്യം. ഡിസംബർ മുതൽ ഏപ്രിൽ വരെ കടുത്ത മഞ്ഞാണ് ഇവിടെ. ഈ സമയത്തും പ്രത്യേകമായി എത്തുന്നവരുണ്ട്. വെയ് രാജവംശത്തിന് ശേഷം ചൈന ഭരിച്ച മിംഗ് രാജവംശവും ക്വിംഗ് രാജവംശവും ക്ഷേത്രത്തിന്റെ വളർച്ചയിൽ സുപ്രധാന പങ്ക് വഹിച്ചവരാണ്.