yogi-adityanath-

എഴുപതിനായിരം പേർക്ക് തൊഴിൽ ഉറപ്പാക്കുന്ന ബ്രഹ്മാണ്ഡ പദ്ധതിക്ക് യു പിയിൽ ജൂൺ മൂന്നിന് തറക്കല്ലിടും. നിക്ഷേപ സൗഹൃദ സംസ്ഥാനമെന്ന് യു പിയുടെ മുഖമുദ്ര ഉറപ്പിക്കുന്നതാവും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പങ്കെടുക്കുന്ന ചടങ്ങ്. ഗ്രേറ്റർ നോയിഡ അതോറിറ്റിയുടെ ക്ഷണപ്രകാരം 44 കമ്പനികളാണ് ഗ്രേറ്റർ നോയിഡയിൽ എണ്ണായിരം കോടി നിക്ഷേപിക്കാൻ തയ്യാറായി മുന്നോട്ട് വന്നിട്ടുള്ളത്. യുപിയിൽ വ്യാവസായിക നിക്ഷേപം കൂടുതൽ ആകർഷിക്കുക എന്ന ലക്ഷ്യവും ചടങ്ങ് ആർഭാടമായി നടത്താൻ സർക്കാരിനെ പ്രേരിപ്പിക്കുന്നു. ഭക്ഷ്യ സംസ്‌കരണം, റോബോട്ടിക്സ്, ഹെൽത്ത് കെയർ, ഇലക്‌ട്രോണിക്സ് തുടങ്ങിയ വ്യവസായങ്ങളുടെ കേന്ദ്രമാകാനാണ് ഗ്രേറ്റർ നോയിഡ ഒരുങ്ങുന്നത്.

ഇന്ത്യൻ കമ്പനികൾക്കൊപ്പം വിദേശ കമ്പനികളും ഗ്രേറ്റർ നോയിഡ അതോറിറ്റിയുടെ ക്ഷണപ്രകാരം സംസ്ഥാനത്ത് നിക്ഷേപിക്കാൻ താത്പര്യം കാണിക്കുന്നുണ്ട്. നോയിഡ, ഗ്രേറ്റർ നോയിഡ, യമുന അതോറിറ്റി ഏരിയകളിലാണ് പുതിയ വ്യവസായ യൂണിറ്റുകൾ സ്ഥാപിക്കുക. യശോദ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്റർ, ശാരദ ഹോസ്പിറ്റലിന്റെ ട്രോമ സെന്റർ, ഇന്ദ്ര പ്രസ്ഥ ഗ്യാസ് ലിമിറ്റഡ്, ലുലു ഗ്രൂപ്പിന്റെ ഫുഡ് പ്രോസസിംഗ് പാർക്ക്, പ്രമുഖ റോബോട്ടിക് നിർമ്മാതാക്കളായ അഡ്വർബ് ടെക്‌നോളജി തുടങ്ങിയ പ്രശസ്ത കമ്പനികൾ സംസ്ഥാനത്ത് നിക്ഷേപം ഇറക്കും. ഇവർക്ക് പുറമേ സാംസംഗ് ഇന്ത്യ ലിമിറ്റഡ്, സ്റ്റീരിയോൺ ഇന്ത്യ ലിമിറ്റഡ്, ഡ്രീംടെക് ഇലക്‌ട്രോണിക്സ്, അലൻടെക് ഇന്ത്യ ലിമിറ്റഡ് തുടങ്ങിയ വിദേശ കമ്പനികൾ വൻതോതിൽ യു പിയിൽ നിക്ഷേപം നടത്തുന്നുണ്ട്. കൊറിയൻ കമ്പനികൾ കൂടുതലായി യു പിയിൽ കേന്ദ്രീകരിക്കുകയാണ്. ഗ്രേറ്റർ നോയിഡ അതോറിറ്റിയുടെ സിഇഒ സുരേന്ദ്ര സിംഗാണ് ജൂൺ മൂന്നിന് നടക്കുന്ന ചടങ്ങിന്റെ ഒരുക്കങ്ങൾക്ക് നേതൃത്വം നൽകുന്നത്.