
52ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ ഏറെ ജനപ്രീതി നേടിയ ചിത്രമായ ഹോമിനെ തഴഞ്ഞതിൽ വിവാദങ്ങൾ കനക്കുകയാണ്. ഹോമിനെ ഒരു വിഭാഗത്തിലും പരിഗണിക്കാത്തതിൽ സമൂഹമാദ്ധ്യമങ്ങളിലടക്കം ഏറെ വിമശനങ്ങൾ ഉയർന്നിരുന്നു. സിനിമാതാരങ്ങളും രാഷ്ട്രീയ പ്രമുഖരും ഉൾപ്പടെ നിരവധി പേർ ചിത്രത്തിന് പിന്തുണയുമായി എത്തുകയും ചെയ്തു. ഇതിനിടെ വിഷയത്തിൽ പ്രതികരിച്ചുകൊണ്ട് നടി ദുർഗാ കൃഷ്ണ പങ്കുവച്ച ഫേസ്‌ബുക്ക് പോസ്റ്റ് ഏറെ ശ്രദ്ധ നേടുകയാണ്.
ഇന്ദ്രൻസിന് പുരസ്കാരം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെന്നും അത് കിട്ടാത്തതിൽ നിരാശയുണ്ടെന്നും നടി കുറിപ്പിൽ പറഞ്ഞു. അത് സംബന്ധിച്ചുള്ള കാര്യകാരണങ്ങളിലേക്ക് കടക്കുന്നില്ലെന്നുമാണ് താരം ഫേസ്‌ബുക്കിൽ കുറിച്ചത്.
ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാര ജേതാക്കൾക്ക് അഭിനന്ദനങ്ങൾ. പുരസ്ക്കാരം കിട്ടിയ സിനിമകളും അഭിനേതാക്കളും സാങ്കേതിക പ്രവർത്തകരും നൂറു ശതമാനം അർഹതയുള്ളവർ തന്നെയാണ്. ഉടൽ എന്ന ഞങ്ങളുടെ ചിത്രം അവാർഡിന് മത്സരിച്ചിരുന്ന വിവരം സത്യത്തിൽ ഞാൻ അറിഞ്ഞിരുന്നില്ല. അതിനാൽ പ്രതീക്ഷകളുടെ അമിതഭാരം ഉണ്ടായിരുന്നില്ല. പക്ഷെ എന്റെ ചാച്ചന് (ഇന്ദ്രൻസ് ചേട്ടന്) ഒരു പുരസ്ക്കാരം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. അത് കിട്ടാത്തതിൽ സ്വാഭാവികമായും നിരാശയുണ്ട്. അതിന്റെ കാര്യകാരണങ്ങളിലേക്ക് കടക്കുന്നില്ല, എനിക്ക് അറിയില്ല. മറ്റു ചിത്രങ്ങളെ പോലെ ഹോം ഒരു നല്ല ചിത്രമായിരുന്നു. ഞങ്ങളുടെ ഉടലും. രണ്ടിലും ഇന്ദ്രൻസ് ചേട്ടന്റെ അസാമാന്യ പ്രകടനവും ആയിരുന്നു. ഈ ചിത്രങ്ങളുടെ വിജയം തന്നെയാണ് ശരിക്കുമുള്ള പുരസ്ക്കാരം.