
മാതാപിതാക്കളെ സംബന്ധിച്ച് കുട്ടികളാണ് അവരുടെ എല്ലാം. മകൻ അല്ലെങ്കിൽ മകൾ ആദ്യമായി സംസാരിക്കുന്നതും നടക്കുന്നതുമൊക്കെ അവരെ സംബന്ധിച്ച് ഏറെ വൈകാരികമായ നിമിഷങ്ങളാണ്. അത്തരത്തിൽ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു ഏഴുവയസുകാരന്റെ വീഡിയോ നിങ്ങളുടെ കണ്ണിനെ ഈറനണിയിക്കും.
ഏഴുവയസുള്ള മകൻ ജീവിതത്തിൽ ആദ്യമായി തനിയെ എഴുന്നേറ്റു നിന്ന് കുറച്ച് നേരം പിച്ചവയ്ക്കുന്നത് കാണുന്ന അമ്മയുടെ സന്തോഷമാണ് സോഷ്യൽ മീഡിയയുടെ ഹൃദയം കവരുന്നത്. കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത വീഡിയോ ഏഴര ലക്ഷത്തിലധികം പേരാണ് ഇതിനോടകം കണ്ടത്.
'ഏഴ് വയസുകാരനായ റോബി ആദ്യമായിട്ടാണ് ഒറ്റയ്ക്ക് എഴുന്നേറ്റ് നിൽക്കുന്നത്.'എന്ന് വീഡിയോയിൽ എഴുതിയിട്ടുണ്ട്. റോബി ഹെൽമറ്റ് ധരിച്ചിരിക്കുന്നുണ്ട്. കുട്ടി പിച്ചവയ്ക്കുകയും അമ്മയെ കെട്ടിപ്പിടിക്കാൻ നോക്കുമ്പോൾ അവർ കൈകൾ വിടർത്തുന്നത് കാണാം. കുട്ടിയുടെ സഹോദരിയും വീഡിയോയുടെ അവസാനം പുഞ്ചിരിക്കുന്നത് കാണാം.