സിനിമാ ആസ്വാദകരെ കാഴ്ചയുടെ പുത്തൻ തലത്തിലേക്ക് കൈപിടിച്ചുയർത്തിയ ഛായാഗ്രാഹകനാണ് സന്തോഷ് ശിവൻ. സംവിധായകനെന്ന നിലയിലും പ്രേക്ഷകരെ ത്രസിപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.

ഇപ്പോഴിതാ മോഹൻലാലിനെക്കുറിച്ചുള്ള ഒരു രസകരമായ അനുഭവം പ്രേക്ഷകരുമായി പങ്കുവയ്ക്കുകയാണ് സന്താഷ് ശിവൻ. കൗമുദി മൂവിസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

'കാലാപാനി ഒരുപാട് കഷ്ടപ്പെട്ട പടമാണ്. ആൻഡമാനിൽ ഓംഗി ട്രെെബ്‌സിനെ കാണാൻ പോയി. ലാൽ സാറും പ്രഭുവും പ്രിയദർശനും ഞാനും ഒക്കെ ചെറിയ ബോട്ടിലാണ് അങ്ങോട്ടേയ്ക്ക് പോയത്. നടക്കാനും കുറെ ഉണ്ടായിരുന്നു. ഒരു ഓംഗി ലാൽ സാറിന്റെ കരണക്കുറ്റി നോക്കി അടിക്കണം. ആ സ്ത്രീ ചിരിച്ചിട്ട് ഒറ്റ അടി. ഫേക്ക് അടി അല്ല, റിയൽ അടിയായിരുന്നു. ലാൽ സാറിന് ഇപ്പോഴും ആ അടി ഓർമ്മയുണ്ട്. അവര് നന്നായി അടിച്ചു. മീൻ പിടിക്കണ കെെയല്ലേ. ആ സീൻ സിനിമയിലുണ്ട്'- സന്തോഷ് ശിവൻ പറഞ്ഞു.

mohanlal-santhosh-sivan

മമ്മൂട്ടി തന്നെ പാര എന്ന് വിളിക്കുമെന്നും തനിക്ക് ആ വിളി ഇഷ്ടമാണെന്നും സന്തോഷ് ശിവൻ പറഞ്ഞു. കളിക്ക് പറയുന്നതാണെന്നും പിന്നീട് ആ വാക്ക് സിനിമയിൽ ഉപയോഗിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. മോഹൻ ലാലിനെക്കൊണ്ട് യോദ്ധയിൽ ജഗതിയെ പാര എന്ന് വിളിപ്പിച്ചുവെന്നും സന്തോഷ് ശിവൻ കൂട്ടിച്ചേർത്തു.

മഞ്ജു വാര്യർ കേന്ദ്ര കഥാപാത്രമായെത്തിയ ജാക്ക് എൻ ജിൽ ആണ് ഏറ്റവും പുതിയ സന്തോഷ് ശിവൻ ചിത്രം. കോമഡി സയൻസ് ഫിക്ഷൻ വിഭാഗത്തിലുള്ള ഒരു പരീക്ഷണ ചിത്രമായിരുന്നു ജാക് എൻ ജിൽ. കാളിദാസ് ജയറാം, സൗബിൻ ഷാഹിർ, നെടുമുടി വേണു, ഇന്ദ്രൻസ്, ബേസിൽ ജോസഫ്, അജു വർഗീസ്, എസ്തർ തുടങ്ങിയ വലിയൊരു താരനിരയായിരുന്നു ചിത്രത്തിലുണ്ടായിരുന്നത്.