
വിവാഹ വാർഷിക ദിനത്തിൽ ഭാര്യയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട അറുപത്തിയാറുകാരന് ഓർമ്മ നഷ്ടമായി. ഉച്ചതിരിഞ്ഞാണ് ഇയാൾ ഭാര്യയുമായി കിടപ്പറ പങ്കിട്ടത്. എന്നാൽ പത്ത് മിനിട്ടുകൾ കഴിഞ്ഞപ്പോൾ ഇയാൾക്ക് ഓർമ്മ നഷ്ടപ്പെടുകയായിരുന്നു. ഐറിഷ് മെഡിക്കൽ ജേണലിലാണ് ഇത് സംബന്ധിച്ച പഠന ഫലം ഇപ്പോൾ പ്രസിദ്ധീകരിച്ചത്. സെക്സ് ഓർമ്മക്കുറവിന് കാരണമാകുമെന്ന് ഈ കേസ് തെളിയിക്കുന്നതായി യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ലിമെറിക്കിലെ ന്യൂറോളജി വിഭാഗം പറഞ്ഞു. ഏഴ് വർഷം മുൻപും സമാനമായ അവസ്ഥയിൽ ഇയാൾ ഓർമ്മക്കുറവിനെ തുടർന്ന് ആശുപത്രിയിൽ പോയിരുന്നു.
'റിക്കറന്റ് പോസ്റ്റ്‌കോയിറ്റൽ ട്രാൻസിയന്റ് അംനേഷ്യ അസോസിയേറ്റ് വിത്ത് ഡിഫ്യൂഷൻ റെസ്ട്രിക്ഷൻ' എന്നാണ് അറുപത്തിയാറുകാരന്റെ അവസ്ഥയെ കുറിച്ച് റിപ്പോർട്ടിൽ വിവരിച്ചിട്ടുള്ളത്. ഹ്രസ്വകാലത്തേക്കാണ് ഇത്തരക്കാരിൽ ഓർമ്മക്കുറവ് സംഭവിക്കുന്നത്. അറുപത്തിയാറുകാരന് കേവലം രണ്ട് ദിവസത്തെ സംഭവങ്ങൾ മാത്രമാണ് ഓർമ്മയിൽ സൂക്ഷിക്കാൻ കഴിയാതിരുന്നത്. ഓർമ്മക്കുറവുണ്ടായതിന്റെ പിറ്റേ ദിവസം ഫോണിൽ തീയതി കണ്ടപ്പോൾ തലേദിവസം വിവാഹ വാർഷികം മറന്നുപോയതായി ഓർക്കുകയും, അതിൽ വിഷമിക്കുകയും ചെയ്തു. ഭാര്യയ്ക്കും കുടുംബത്തിനുമൊപ്പം വിവാഹ വാർഷികം ആഘോഷിച്ചതൊന്നും ഓർമ്മയിൽ വന്നതേയില്ല. എന്നാൽ ആശുപത്രിയിലെ ന്യൂറോളജിക്കൽ പരിശോധനയിൽ എല്ലാം സാധാരണമായിരുന്നു.