ganja

നെടുമങ്ങാട്: വീട്ടിൽ കഞ്ചാവ് നട്ടുവളർത്തിയ യുവാവ് അറസ്റ്റിൽ. നെടുമങ്ങാട് അരശുപറമ്പ് തോട്ടുമുക്കില്‍ എന്‍ ഫൈസലിനെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. പ്രതിയെ നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ഇരുപതുകാരനായ ഫെെസൽ വില്പനയ്ക്കായിട്ടാണ് വീട്ടില്‍ കഞ്ചാവുചെടികള്‍ നട്ടുവളര്‍ത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. ഈ പ്രദേശത്ത് കഞ്ചാവു വില്‍പ്പന നടത്തുന്ന പത്തിലധികം പേർ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു.

ഒരുമാസം മുന്‍പ് ഇതില്‍ രണ്ടുപേരെ പൊലീസ് പിടികൂടിയിരുന്നു. ബെെക്കുകളിൽ എത്തിയാണ് യുവാക്കൾ കച്ചവടം നടത്തുന്നത്. കഞ്ചാവ് ചെറിയ പൊതികളാക്കി ആവശ്യക്കാർക്ക് നൽകും. കോളേജ് വിദ്യാര്‍ത്ഥികളെയാണ് ഇവർ ലക്ഷ്യം വച്ചിരുന്നത്.

കഞ്ചാവ് ഉപയോഗിച്ചുള്ള അക്രമങ്ങളും പ്രദേശത്ത് പതിവായിരുന്നു. ഇതിന് തടയിടാൻ നാട്ടുകാര്‍ ചേർന്ന് എക്സൈസിനും പൊലീസിനും പരാതി നല്‍കുകയായിരുന്നു.