real-madrid

ചാമ്പ്യൻസ് ലീഗ് കിരീടത്തിൽ 14-ാം തവണയും മുത്തമിട്ട് റയൽ മാഡ്രിഡ്

ഫൈനലിൽ ലിവർപൂളിനെ 1-0 ത്തിന് കീഴടക്കി

വിജയ ഗോൾ നേടിയത് വിനീഷ്യസ് ജൂനിയർ

പാരീസ്: യൂറോപ്യൻ ചാമ്പ്യൻ സ് ലീഗ് കിരീടത്തിൽ വീണ്ടും മുത്തമിട്ട് റയൽ മാഡ്രിഡ് . കഴിഞ്ഞ ദിവസം പാരീസിൽ നടന്ന ഫൈനലിൽ ഇംഗ്ലീഷ് വമ്പൻ മാരായ ലിവർപൂളിനെ ഏക പക്ഷീയമായ ഒരു ഗോളിന് കീഴടക്കിയാണ് റയൽ മാഡ്രിഡ് പതിന്നാലാം തവണ യൂറോപ്പിലെ ഫുട്ബാൾ രാജാക്കൻമാരായത്. 59-ാം മിനിട്ടിൽ വിനീഷ്യസ് ജൂനിയറാണ് റയൽ മാഡ്രിഡിന്റെ വിജയ ഗോൾ നേടിയത്. പറന്നു കളിച്ച ലിവർപൂളിന്റെ ഗോളെന്നുറച്ച ഒമ്പതോളം ശ്രമങ്ങൾ പരാജയപ്പെടുത്തിയ ഗോൾ കീപ്പർ തിബോ കുർട്ടോ യാണ് റയലിന്റെ വിജയ ശില്പി.

പാസിംഗിലും പൊസിഷനിലും ഷോട്ടുകളിലുമെല്ലാം റയലിനെക്കാൾ മുൻതൂക്കം ലിവറിനായിരുന്നു. 24 ഷോട്ടുകൾ ആകെ ലിവർ താരങ്ങൾ തൊടുത്തപ്പോൾ ടാർജറ്റിലേക്ക് എടുത്ത രണ്ട് ഷോട്ടുകളിൽ ഒരെണ്ണം ഗോളാക്കി റയൽ ചാമ്പ്യൻ പട്ടം സ്വന്തമാക്കുകയായിരുന്നു.

2

ഇത് രണ്ടാം തവണയാണ് ചാമ്പ്യൻസ് ലീഗ് ഫൈനലിൽ റയൽ മാഡ്രിഡ് ലിവർ പൂളിനെ കീഴടക്കുന്നത്. 2017 - 18 സീസണിൽ 3-1നാണ് റയൽ ഫൈനലിൽ വിജയിച്ചിരുന്നത്.

3

ഈ സീസണിൽ റയൽ മാഡ്രിഡ് നേടുന്ന മൂന്നാം കിരീടമാണിത്. സ്പാനിഷ് സൂപ്പർ കപ്പ് കിരീടം നേടിത്തുടങ്ങിയ റയൽ ഇത്തവണ സ്പാനിഷ് ലാലിഗയിലും കിരീടം നേടിയിരുന്നു.

15

ഗോളുകൾ നേടിയ റയലിന്റെ കരീം ബെൻസേമയാണ് ടൂർണമെന്റിലെ ടോപ്സ്കോറർ.

റയൽ കിരീടങ്ങൾ

1955-1956,1956-1957,1957-1958,1958-1959,1959-1960,1965-1966,1997-1998,1999-2000,2001-2002,2013-2014,2015-2016,2016-2017,2017-2018 സീസണുകളിലാണ് ഇതിന് മുമ്പ് റയൽ മാഡ്രിഡ് യൂറോപ്യൻ ഫസ്റ്റ് ഡിവിഷൻ കിരീടം നേടിയിരുന്നത്.

4

റയൽ മാഡ്രിഡ് കോച്ച് കാർലോ ആഞ്ചലോട്ടിയുടെ നാലാം ചാമ്പ്യൻസ് കിരീടമാണിത്.2002-03,2006-07 സീസണുകളിൽ എ.സി മിലാനെ ആഞ്ചലോട്ടി ചാമ്പ്യൻസ് ലീഗ് ജേതാക്കളാക്കിയിരുന്നു.2013-14 സീസണിൽ റയൽ ചാമ്പ്യൻസ് ലീഗ് ജേതാക്കളാകുമ്പോൾ ആഞ്ചലോട്ടിയായിരുന്നു കോച്ച്.