baby

പാട്ന: 40 ദിവസം പ്രായമുള്ള കുഞ്ഞിന്റെ വയർ അസാധാരണമായി വീർത്തിരിക്കുന്നു. വയറു വേദനിക്കുന്നതു പോലെ നിറുത്താതെ കരയുന്ന കുഞ്ഞിന് എന്തുപറ്റിയെന്ന ആധിയുമായാണ് മാതാപിതാക്കൾ ഓടി ആശുപത്രിയിൽ എത്തിച്ചത്. സി.ടി സ്‌കാൻ ചെയ്‌തപ്പോൾ കുഞ്ഞിന്റെ വയറ്റിൽ പാതി വളർച്ചയെത്തിയ ഭ്രൂണം!

ബീഹാറിലെ മോത്തിഹാരി ഗ്രാമത്തിലാണ് വൈദ്യശാസ്ത്രത്തെ അമ്പരപ്പിച്ച സംഭവം. പത്തു ലക്ഷം കുഞ്ഞുങ്ങളിൽ ഒരാൾക്ക് മാത്രമുണ്ടാകുന്ന അപൂർവ പ്രതിഭാസമെന്നാണ് ഡോക്‌ടർമാരുടെ വിശദീകരണം. അമ്മയുടെ ഗർഭപാത്രത്തിലെ ഇരട്ട ഭ്രൂണങ്ങളിൽ ഒന്നിന്റെ വളർച്ച നിലയ്ക്കുകയും അത് മറ്റേതിന്റെ അകത്തെത്തി പരാന്നജീവിയെ പോലെ വളരുകയും ചെയ്യുന്ന വൈകല്യമാണിത്. ''ഫീറ്റസ് ഇൻ ഫീടു ( Foetus in foetu )" എന്നാണ് വൈദ്യശാസ്ത്രം ഇതിനെ വിളിക്കുന്നത്.

മോത്തിഹാരിയിലെ റഹ്‌മാനിയ മെഡിക്കൽ സെന്ററിലാണ് കുഞ്ഞിനെ പ്രവേശിപ്പിച്ചത്. വയറ് വീർത്തതിനാൽ കുഞ്ഞിന് മൂത്രമൊഴിക്കാൻ പ്രയാസമുണ്ടായിരുന്നു.

മറ്റ് അസ്വസ്ഥതകൾ ഇല്ലാത്തതിനാൽ നേരത്തേ സങ്കീർണാവസ്ഥ മനസിലാക്കാൻ സാധിച്ചിരുന്നില്ല. ഉടനടി ചികിത്സിച്ചില്ലെങ്കിൽ കുഞ്ഞിന്റെ ആരോഗ്യനില ഗുരുതരമാകുമെന്ന് മനസിലായതോടെ അടിയന്തര ശസ്ത്രക്രിയ നടത്തി ഭ്രൂണം പുറത്തെടുത്തു. കുഞ്ഞ് സുഖം പ്രാപിച്ച് വരികയാണെന്ന് റഹ്‌മാനിയ മെഡിക്കൽ സെന്ററിലെ ഡോ. തബ്‌രേസ് അസീസ് പറഞ്ഞു.