madhavan-b-nair

കൊവിഡിനെ തുടര്‍ന്ന് സാമ്പത്തിക മാന്ദ്യത്തിലേക്ക് കൂപ്പുകുത്തിയ രാഷ്ട്രങ്ങള്‍ സ്ഥിതി മെച്ചപ്പെടുത്തി വരുന്നതിനിടയിലാണ് റഷ്യ- യുക്രെയിന്‍ യുദ്ധം ലോക സാമ്പത്തിക രംഗത്തെ വീണ്ടും പ്രതികൂലമായി ബാധിക്കുന്നത്. ലോകം ഒരു ആഗോള നഗരമോ ഗ്രാമമോ ആയി പരിണമിച്ചിരിക്കുന്ന ഈ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ഏത് രാജ്യങ്ങള്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായാലും ലോക രാഷ്ട്രങ്ങളുടെ സാമ്പത്തിക മേഖലയില്‍ അതിന്റെ പ്രതിഫലനം ഉണ്ടാകുമെന്ന കാര്യത്തില്‍ വ്യക്തത വരുത്തിയിരിക്കുകയാണ് റഷ്യ- യുക്രെയിന്‍ യുദ്ധം.
ഈ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ സാമ്പത്തിക വളര്‍ച്ചാനിരക്ക് മിക്ക രാഷ്ട്രങ്ങളിലും ഗണ്യമായി കുറഞ്ഞെങ്കിലും ഇന്ത്യയെ അത്രകണ്ട് ബാധിച്ചിട്ടില്ലെന്ന് ഐക്യരാഷ്ട്രസഭയുടെ സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് 2022 വ്യക്തമാക്കുന്നു. ലോകത്ത് ഏറ്റവും വേഗം വളരുന്ന സമ്പദ് വ്യവസ്ഥയായി ഇന്ത്യ തുടരുമെന്നാണ് യുഎന്‍ റിപ്പോര്‍ട്ട്.
2022 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യ 6.4 ശതമാനം വളര്‍ച്ച നേടുമെന്നാണ് പുതിയ അനുമാനം. 2022 ജനുവരിയില്‍ യുഎന്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ ഇന്ത്യയുടെ വളര്‍ച്ച നിരക്ക് 8.8 ശതമാനം വരെ ആയിരുന്നു പ്രതീക്ഷിച്ചത്. അതേസമയം ലോകത്തിലെ വന്‍ സാമ്പത്തിക ശക്തികളായ അമേരിക്ക, ചൈന, യൂറോപ്യന്‍ യൂണിയന്‍ എന്നിവയുടെ വളര്‍ച്ച അനുമാനം യുഎന്‍ വെട്ടിക്കുറച്ചിരിക്കുകയാണ്. യൂറോപ്യന്‍ യൂണിയന്റെ വളര്‍ച്ച 3.9 ശതമാനത്തില്‍ നിന്ന് 2.7 ശതമാനത്തിലേക്കും അമേരിക്കയുടേത് 2.6 ശതമാനത്തില്‍ നിന്ന് 1.8 ശതമാനത്തിലേക്കുമാണ് കുറച്ചത്.

2022 സാമ്പത്തിക വര്‍ഷത്തില്‍ ചൈന 4.5 ശതമാനവും 2023ല്‍ 5.2 ശതമാനവും വളര്‍ച്ച നേടുമെന്ന് യുഎന്‍ റിപ്പോര്‍ട്ട് പറയുന്നു. ലോകത്തെ വന്‍ രാഷ്ട്രങ്ങളുടെ സാമ്പത്തിക സ്ഥിതി മോശമാകുന്ന വേളയിലാണ് ഇന്ത്യ ആശാവഹമായ മുന്നേറ്റം സാമ്പത്തികരംഗത്ത് പ്രകടിപ്പിക്കുന്നത്. ലോകത്തെ അടുത്ത സൂപ്പര്‍ പവറും ആധ്യാത്മിക നേതൃത്വവും ഭാരതത്തിനായിരിക്കും എന്ന പ്രവചനങ്ങളെ സാധൂകരിക്കുന്ന വിധത്തിലാണ് പല മേഖലയിലും രാജ്യത്തിന്റെ പുരോഗതി എന്നത് ഓരോ ഭാരതീയനും അഭിമാനാര്‍ഹമാണ്.
യുക്രെയിന്‍ യുദ്ധം കൊവിഡ് മഹാമാരിയെ തുടര്‍ന്ന് തകര്‍ന്ന ആഗോള സമ്പദ്‌വ്യവസ്ഥകളുടെ തിരിച്ചുവരവിനെ ഗുരുതരമായി ബാധിച്ചിരിക്കുകയാണ്. അതിന്റെ പാര്‍ശ്വഫലങ്ങളാണ് ലോകരാഷ്ട്രങ്ങള്‍ നേരിടുന്ന പണപ്പെരുപ്പവും വിലക്കയറ്റ ഭീഷണിയും. യൂറോപ്പില്‍ ഭക്ഷണ ഉല്പാദന വില ഉയരുന്നത് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്.
2022ല്‍ തന്നെ ആഗോള പണപ്പെരുപ്പം 6.7 ശതമാനത്തിലേക്ക് ഉയരുമെന്നാണ് സൂചനകള്‍. ഭക്ഷ്യവസ്തുക്കളുടെയും ഊര്‍ജ്ജത്തിന്റെയും വില ഗണ്യമായി കൂടിയതാണ് പണപ്പെരുപ്പം വര്‍ധിക്കാന്‍ കാരണം. വര്‍ദ്ധിക്കുന്ന പണപ്പെരുപ്പത്തിൽ ആഗോള സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ച 2022ല്‍ 3.1 ശതമാനം മാത്രമായിരിക്കുമെന്ന് യുഎന്‍ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നുണ്ട്. മേഖലയിലെ ഏറ്റവും വലിയ സമ്പത്ത് വ്യവസ്ഥയായ ഇന്ത്യയെയും പണപ്പെരുപ്പം ബാധിച്ചിട്ടുണ്ട്.

ഇന്ധന സ്വയംപര്യാപ്തത പ്രത്യേകിച്ച് ക്രൂഡോയിൽ, ഇല്ലാത്തതാണ് ഇന്ത്യയില്‍ വിലക്കയറ്റത്തിനും പണപ്പെരുപ്പത്തിനും വഴിവയ്ക്കുന്നത്. ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്യുന്നത് ആശ്രയിക്കുന്ന രാഷ്ട്രങ്ങള്‍ സംഘര്‍ഷങ്ങളിലേക്ക് നീങ്ങുമ്പോള്‍ അത് രാജ്യത്തെ സമ്പത്ത് രംഗത്ത് പ്രതികൂലമായ ചലനങ്ങള്‍ക്ക് വഴിവയ്ക്കുന്നുണ്ട്. എങ്കിലും ഇന്ത്യയുടെ വളര്‍ച്ച അടുത്ത രണ്ടു വര്‍ഷം മെച്ചപ്പെട്ട നിലയില്‍ ആയിരിക്കുമെന്നാണ് ഐക്യരാഷ്ട്രസഭയുടെ സാമ്പത്തിക സാമൂഹികകാര്യ വകുപ്പ് തയ്യാറാക്കിയ റിപ്പോര്‍ട്ടിൽ പറയുന്നത്.
പണപ്പെരുപ്പത്തെ പ്രതിരോധിക്കാനും ജനകീയ ജനജീവിതം സുഗമമാക്കാനും കേന്ദ്ര സര്‍ക്കാര്‍ പെട്രോള്‍ ഡീസല്‍ തീരുവ കുറച്ചത് ക്രിയാത്മകമാണ്. ഇത്തരം നടപടികള്‍ ജീവിതത്തെയും സാമ്പത്തിക രംഗത്തെയും കൂടുതല്‍ ഊര്‍ജസ്വലമാക്കും. കൊവിഡ് മഹാമാരി ലോക സാമ്പത്തിക മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ മന്ദീഭവിപ്പിച്ചപ്പോള്‍ ഇന്ത്യ ആ വേള ധനവിനിമയ മാര്‍ഗങ്ങളെ ആധുനികമാക്കാനാണ് വിനിയോഗിച്ചത്. ഡിജിറ്റല്‍ ധന ഇടപാട് നഗരങ്ങളില്‍ നിന്ന് ഗ്രാമീണ മേഖലകളിലേക്ക് കൂടി വ്യാപിപ്പിക്കാനായതോടെ ഇന്ത്യ ഡിജിറ്റല്‍ എക്കണോമിയില്‍ ലോകത്തെ വികസിത രാഷ്ട്രങ്ങള്‍ക്ക് ഒപ്പമോ മുന്നിലോ ആയിരിക്കുകയാണ് .

ഡിജിറ്റല്‍ ഇടപാട് ബാങ്കുകള്‍ പ്രോത്സാഹിപ്പിച്ചതിലൂടെ ആദ്യഘട്ടത്തില്‍തന്നെ കറന്‍സി അച്ചടി ചെലവില്‍ ആയിരം കോടിയുടെ കുറവാണ് ഉണ്ടായതെന്ന് റിസര്‍വ് ബാങ്കിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 5 ജി സേവനങ്ങൾ കൂടി നടപ്പിലാകുന്നതോടെ വിപ്ലവകരമായ മാറ്റങ്ങളാകും ധന വിനിമയ രംഗത്ത് സംഭവിക്കുക. സംവേദനത്തിലെ വേഗം ഉല്പാദന- ക്രയവിക്രയ രംഗത്താകെ പുതുതരംഗം തന്നെ സൃഷ്ടിക്കും.

6 ജിലേക്കുള്ള ഇന്ത്യയുടെ മാറ്റം സമീപ ഭാവിയിൽ തന്നെ ഉണ്ടാകുമെന്നും അത് ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന സങ്കേതികതയിലൂടെ ആയിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രഖ്യാപിച്ചത് പുരോഗതിയിലേക്കുള്ള മറ്റൊരു കാഹളമായി. 2008ലെയും 2013ലെയും സാമ്പത്തിക മാന്ദ്യത്തെ ലോകരാഷ്ട്രങ്ങളെയാകെ അത്ഭുതപ്പെടുത്തികൊണ്ട് അതിജീവിച്ച ഇന്ത്യ കൊവിഡിനെയും യുദ്ധം പോലുള്ള അന്താരാഷ്ട്ര പ്രശ്‌നങ്ങളുടെ പാര്‍ശ്വഫലങ്ങളെയും അതിജീവിക്കുകയാണെന്നാണ് യുഎന്‍ സാക്ഷ്യപ്പെടുത്തുന്നത്. ബ്രിട്ടീഷുകാരും മുഗളന്മാരും കൊള്ളയടിച്ചിട്ടും തകര്‍ക്കാന്‍ പറ്റാത്ത ഇന്ത്യയുടെ ആന്തരിക ഊര്‍ജം ലോകത്തെ എന്നും അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുകതന്നെ ചെയ്യും.

(വേൾഡ് ഹിന്ദു പാർലമെന്റ് ചെയർമാനും മുൻഫൊക്കാന പ്രസിഡന്റുമാണ് ലേഖകൻ)

മാധവന്‍ ബി നായര്‍
madhavanbnair.com