pak-drone

ശ്രീനഗർ: ഏഴ് കാന്തിക ബോംബുകളും നിരവധി ഗ്രനേഡുകളുമായി അന്താരാഷ്ട്ര അതിർത്തി കടന്നെത്തിയ പാകിസ്ഥാൻ ഡ്രോൺ വെടിവച്ചിട്ടു. ഇന്നലെ രാവിലെ ജമ്മു കത്വ ജില്ലയിലാണ് സംഭവം. അമർനാഥ് തീർത്ഥാടന യാത്ര മുൻനിറുത്തി ഭീകരാക്രമണം നടത്താനുള്ള പദ്ധതിയുടെ ഭാഗമാണ് ഡ്രോണെന്നാണ് വിവരം.

അതിർത്തിക്ക് സമീപം താലി ഹരിയാ ചക്കിൽ

രാജ്ബാഗ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ദുരൂഹ സാഹചര്യത്തിൽ ഡ്രോൺ കണ്ടെത്തിയത്. പൊലീസ് സംഘം ഉടൻ ഇതു വെടിവച്ചിട്ടു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഏഴു കാന്തിക ബോംബുകളും നിരവധി അണ്ടർ ബാരൽ ഗ്രനേഡുകളും കണ്ടെത്തിയത്.

ചാർധാം തീർത്ഥാടകരുടെ ബസുകൾ ഉന്നമിട്ട് ഭീകരർ കാന്തിക ബോംബുകൾ ഉപയോഗിക്കാൻ സാദ്ധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ടായിരുന്നു.

ഇതോടെ അമർനാഥ് ഗുഹാക്ഷേത്രത്തിലേക്കുള്ള സുരക്ഷ ശക്തമാക്കി.

ജൂൺ 30നാണ് തീർത്ഥാടനം ആരംഭിക്കുക.

ഡ്രോണുകളിൽനിന്ന് കണ്ടെത്തിയ പൊതികളിൽ ലഹരി മരുന്നായിരിക്കാമെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. പാകിസ്ഥാനിൽനിന്ന് ഇന്ത്യയിലേക്ക് ആയുധങ്ങളും ലഹരി മരുന്നും കടത്തുന്നതിന് ഡ്രോണുകൾ ഉപയോഗിക്കുന്നതായി നേരത്തേ വാർത്തകൾ പുറത്തുവന്നിരുന്നു. കഴിഞ്ഞ ദിവസം പൂഞ്ചിൽ കടത്താൻ ശ്രമിച്ച 44 കിലോ ലഹരി മരുന്ന് സൈന്യവും പൊലീസും ചേർന്നു പിടിച്ചെടുത്തിരുന്നു.