df

ന്യൂഡൽഹി: 2021-22ൽ ചൈനയെ മറികടന്ന് ഇന്ത്യയുടെ ഏറ്റവുമടുത്ത വ്യാപാരപങ്കാളിയായി അമേരിക്ക മാറിയതായി കേന്ദ്ര വാണിജ്യമന്ത്രാലയത്തിന്റെ കണക്കുകൾ. ഇരുരാജ്യങ്ങൾക്കുമിടയിലെ വ്യാപാരബന്ധം കൂടുതൽ ശക്തമാണെന്ന് വ്യക്തമാക്കുന്നതാണ് പുതിയ റിപ്പോർട്ട്. 2021-22 കാലയളവിൽ 119.42 ബില്യൺ യു.എസ് ഡോളറിന്റെ ഉഭയകക്ഷി വ്യാപാരമാണ് ഇന്ത്യയും അമേരിക്കയും തമ്മിലുണ്ടായിട്ടുള്ളത്. 2020-21 ൽ ഇത് 80.51 ബില്യൺ യു.എസ് ഡോളറായിരുന്നു. 115.42 ബില്യൺ യു.എസ് ഡോളറിന്റെ വ്യാപാരപങ്കാളിത്തമാണ് 2021-22ൽ ചൈനയുമായി ഇന്ത്യയ്ക്കുണ്ടായത് (2020-21ൽ 86.4 ബില്യൺ യു.എസ് ഡോളർ).

ഇന്ത്യയിൽനിന്ന് അമേരിക്കയിലേക്ക് 76.11 ബില്യൺ യു.എസ് ഡോളറിന്റെ കയറ്റുമതിയാണ് 2021-22 കാലയളവിലുണ്ടായത്. മുൻവർഷമിത് 51.62 ബില്യൺ യു.എസ് ഡോളറായിരുന്നു. ഇറക്കുമതിയും മുൻവർഷത്തെ 29 ബില്യൺ യു.എസ് ഡോളറിൽനിന്ന് 43.31 ബില്യൺ ഡോളറായി ഉയർന്നിട്ടുണ്ട്. ഇരുരാജ്യങ്ങൾക്കുമിടയിലെ വ്യാപാരബന്ധം വരുംവർഷങ്ങളിലും മികച്ചരീതിയിൽ തുടരുമെന്നാണ് വ്യാപാരവിദഗ്ദ്ധർ വിലയിരുത്തുന്നത്.

അതേസമയം, ചൈനയിലേക്കുള്ള വ്യാപാര കയറ്റുമതിയിൽ നേരിയ വർദ്ധനമാത്രമാണ് ഉണ്ടായിട്ടുള്ളത്. 2020-21ൽ 21.18 ബില്യൺ യു.എസ് ഡോളറായിരുന്ന കയറ്റുമതി 2021-22ൽ 21.25 ബില്യൺ യു.എസ് ഡോളറിലേക്കാണ് ഉയർന്നത്. എന്നാൽ, ഇറക്കുമതി മുൻവർഷത്തെ 65.21 ബില്യൺ യു.എസ് ഡോളറിൽനിന്ന് 94.16 ബില്യൺ യു.എസ് ഡോളറായി വർദ്ധിച്ചു. ഇരുരാജ്യങ്ങൾക്കുമിടയിലെ വ്യാപാര വിടവ് നേരത്തെയുണ്ടായിരുന്ന 44 ബില്യൺ ഡോളറിൽനിന്ന് 72.91 ബില്യൺ ഡോളറായി ഉയർന്നിട്ടുമുണ്ട്.

 മൂന്നാംസ്ഥാനത്ത് യു.എ.ഇ

ഇന്ത്യയുമായി വ്യാപാരമിച്ചമുള്ള ചുരുക്കംചില രാജ്യങ്ങളിലൊന്നാണ് അമേരിക്ക. 32.8 ബില്യൺ യു.എസ് ഡോളറിന്റെ വ്യാപാരമിച്ചമാണ് 2021-22ൽ അമേരിക്കയ്ക്ക് ഇന്ത്യയുമായുള്ളത്. 2013-14 മുതൽ 2017-18 വരെയും 2020-21ലും ഇന്ത്യയുമായി ഏറ്റവുമധികം വ്യാപാരപങ്കാളിത്തം പുല‌ർത്തിയിരുന്ന രാജ്യം ചൈനയായിരുന്നു. ചൈനയ്ക്ക് മുൻപ് യു.എ.ഇയായിരുന്നു ഇന്ത്യയുടെ മുൻനിര വ്യാപാരപങ്കാളി. 2021-22ൽ 72.9 ബില്യൺ യു.എസ് ഡോളറിന്റെ വ്യാപാരവുമായി മൂന്നാംസ്ഥാനത്താണ് യു.എ.ഇ.

 പേപ്പർ, പേപ്പർ ബോർഡ് കയറ്റുമതിയിൽ വർദ്ധന

2021-22 ൽ പേപ്പർ, പേപ്പർ ബോർഡ് ഉത്പന്നങ്ങളുടെ കയറ്റുമതിയിൽ ഇന്ത്യയ്ക്ക് സർവകാല റെക്കാഡ്. മൊത്തം കയറ്റുമതി 80 ശതമാനം ഉയർന്ന് 13,963 കോടി രൂപയായി. കോട്ടഡ് പേപ്പർ, പേപ്പർ ബോർഡ് എന്നിവയിൽ 100 ശതമാനം കയറ്റുമതി വർദ്ധനയാണ് ഉണ്ടായത്. കോട്ട് ചെയ്യാത്ത എഴുതുന്നതിനുള്ള പേപ്പർ (98 %), ടിഷ്യു പേപ്പർ (75 %),ക്രാഫ്റ്റ് പേപ്പർ (37 %) എന്നിങ്ങനെയാണ് വർദ്ധന ഉണ്ടായത്.