thrik

കൊച്ചി: അണികൾ ആവേശത്തോടെ നൃത്തം ചവിട്ടിയും മുദ്രാവാക്യം വിളിച്ചും പതാകവീശയും തൃക്കാക്കരയിലെ പരസ്യപ്രചാരണത്തിന് ആവേശകരമായ അന്ത്യം. യുഡിഎഫ് സ്ഥാനാർത്ഥി ഉമാ തോമസും എൽഡിഎഫ് സ്ഥാനാർത്ഥി ജോ ജോസഫും ബിജെപിയുടെ എ.എൻ രാധാകൃഷ്‌ണനും അണികളോടൊപ്പം ആവേശത്തോടെ പാലാരിവട്ടത്തെ കൂട്ടപ്പൊരിച്ചിലിൽ ചേർന്നു.

രാഷ്‌ട്രീയ ആരോപണവും വിവാദങ്ങളും നിറഞ്ഞുനിന്ന ഒരുമാസത്തെ വൻ പ്രചാരണത്തിന് അന്ത്യം. ഇനി മേയ് 31ന് വോട്ടെടുപ്പിന് മുൻപ് നാളെ നിശബ്‌ദ പ്രചാരണമാണ്. മൂന്ന് മുന്നണി സ്ഥാനാർത്ഥികളും അണികളും ഒത്തുചേർന്ന പാലാരിവട്ടത്ത് അനിഷ്‌ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ കടുത്ത പൊലീസ് വിന്യാസമാണ് ഏർപ്പെടുത്തിയത്. മുത്തുക്കുടകളും തോരണങ്ങളും നൃത്തവും ചെണ്ടമേളവുമായി കൊട്ടിക്കലാശം അക്ഷരാർത്ഥത്തിൽ മുന്നണികൾ ആഘോഷമാക്കി.

thrikk

എൽഡിഎഫ് കൺവീനർ ഇ.പി ജയരാജന്റെ നേതൃത്വത്തിൽ സിപിഎമ്മിന്റെയും എൽഡിഎഫിന്റെയും സംസ്ഥാന നേതാക്കൾ ഇടത് ക്യാമ്പിൽ ആവേശത്തിന്റെ ഭാഗമായി. സെഞ്ചുറി തികയ്‌ക്കുമെന്ന ആത്മവിശ്വാസത്തിലാണ് ഇടത് മുന്നണി. അതേസമയം തങ്ങളുടെ കോട്ട കാക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് യുഡിഎഫ്. സംസ്ഥാന, ജില്ലാ നേതാക്കളും ചലച്ചിത്ര താരം രമേഷ് പിഷാരടിയും കൊട്ടിക്കലാശത്തിൽ യുഡിഎഫിന്റെ ഭാഗമായി.

thrikk

സ്ഥാനാർത്ഥിക്കൊപ്പം ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ, മുൻ അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ, പി.കെ കൃഷ്‌ണദാസ് തുടങ്ങി നേതാക്കളും ഒപ്പം പി.സി ജോർജും ബിജെപി ക്യാമ്പിനെ ആവേശത്തിലാക്കി. വോട്ട് കൂട്ടുമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി.