തിരുവനന്തപുരം: സ്‌കൂളുകൾ ബുധനാഴ്ച തുറക്കുന്നതുമായി ബന്ധപ്പെട്ട് സുരക്ഷാ പരിശോധനകൾ കർശനമാക്കിയതായും സ്‌കൂൾ പരിസരങ്ങളിലെ വാഹന പാർക്കിംഗ് കർശനമായി തടയുമെന്നും സിറ്റി പൊലീസ് കമ്മിഷണർ ജി.സ്പർജൻ കുമാർ അറിയിച്ചു.
നഗരത്തിലെ സ്‌കൂളുകളിൽ കുട്ടികളുമായി എത്തുന്ന സ്വകാര്യ വാഹനങ്ങളുൾപ്പെടെയുള്ള വാഹനങ്ങൾ പരമാവധി സ്‌കൂൾ കോമ്പൗണ്ടിനകത്ത് തന്നെ കുട്ടികളെ ഇറക്കണം. സ്വകാര്യ വാഹനങ്ങൾ കുട്ടികളെ ഇറക്കിയശേഷം സ്‌കൂൾ പരിസരത്തുനിന്ന് മാറ്റി പാർക്ക് ചെയ്യണം. സ്‌കൂൾ വിടുമ്പോൾ മാത്രമേ സ്‌കൂൾ പരിസരത്ത് വാഹനംമെത്താൻ പാടുള്ളൂ. ഇരുചക്ര വാഹനങ്ങളിൽ കുട്ടികളെ കൊണ്ടുവരുന്നവർ കുട്ടികളെ നിർബന്ധമായും ഹെൽമെറ്റ് ധരിപ്പിക്കണമെന്നും നിർദ്ദേശമുണ്ട്. സുരക്ഷാ ക്രമീകരണങ്ങളെ സംബന്ധിച്ച് എല്ലാ പൊലീസ് സ്റ്റേഷൻ പരിധിയിലും എസ്.എച്ച്.ഒമാരുടെ നേതൃത്വത്തിൽ സ്‌കൂൾ അധികൃതരെയും സ്‌കൂൾ ബസ് ഡ്രൈവർമാരെയും ഉൾപ്പെടുത്തി അവലോകന യോഗങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ സംഘടിപ്പിച്ചിരുന്നു.
സർക്കാർ നിഷ്‌കർഷിച്ചിട്ടുള്ള വാഹന നിയമങ്ങൾ പാലിക്കാത്ത സ്‌കൂൾ,സ്വകാര്യ വാഹനങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കും. കുട്ടികളെ കുത്തിനിറച്ച് കൊണ്ടുവരുന്ന വാഹനങ്ങൾക്കെതിരെയും അമിത വേഗത്തിൽ പോകുന്ന വാഹനങ്ങൾക്കെതിരെയും കർശനമായ നിയമ നടപടികൾ സ്വീകരിക്കും. സ്‌കൂളുകളിൽ കുട്ടികളെ കൊണ്ടുവരുന്ന സ്വകാര്യ വാഹനങ്ങളിലെ ജീവനക്കാരെ പരിശോധിക്കാനായി മിന്നൽ പരിശോധനകൾ നടത്തുമെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ അങ്കിത് അശോകൻ അറിയിച്ചു.