
ലഹോർ: കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന പാകിസ്ഥാന് കരകയറാനുള്ള മാർഗം ഉപദേശിച്ച് അന്താരാഷ്ട്ര നാണയ നിധി. കഴിഞ്ഞ ഏതാനും മാസങ്ങളായി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന പാകിസ്ഥാന് ഈ നില തുടർന്നാൽ ഇന്ത്യയുടെ അയൽരാജ്യമായ ശ്രീലങ്കയ്ക്ക് സമാനമായ അവസ്ഥ ഉണ്ടാകാനുള്ള സാദ്ധ്യത വിദൂരമല്ല. വർദ്ധിച്ചുവരുന്ന നാണയപ്പെരുപ്പവും വിലകയറ്റവും കാരണം രാജ്യത്തെ നിക്ഷേപകരും അസ്വസ്ഥരാണ്. ഇമ്രാൻ ഖാന് ശേഷം രാജ്യാധികാരം ഏറ്റെടുത്ത ഷെഹ്ബാസ് ഷരീഫിന് മുൻപിലുള്ള ആദ്യ വെല്ലുവിളിയും സാമ്പത്തിക പ്രതിസന്ധി മറികടക്കുക എന്നത് തന്നെയാണ്.
അന്താരാഷ്ട്ര നാണയനിധിയിൽ നിന്നും ലോൺ ലഭിക്കുക എന്നതാണ് പാകിസ്ഥാന് മുൻപിലുള്ള പോംവഴി. ഇതിനായുള്ള ശ്രമങ്ങൾ രാജ്യം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ വായ്പ തിരിച്ചടക്കാൻ പാകിസ്ഥാന് ഐഎംഎഫ് നൽകിയ നിദ്ദേശങ്ങളിൽ ഒന്ന് രാജ്യത്തെ പെട്രോളിയം ഉത്പന്നങ്ങളുടെ സബ്സിഡി നീക്കുകയെന്നതാണ്. ഇത് അത്ര എളുപ്പമായിരിക്കില്ല ഷെഹ്ബാസ് ഷരീഫിന്റെ സർക്കാരിന്.
ഇപ്പോൾ തന്നെ കടുത്ത വിലക്കയറ്റത്തിൽ ബുദ്ധിമുട്ടുന്ന പാകിസ്ഥാൻ ജനത ഇന്ധന സബ്സിഡി കൂടി എടുത്ത് മാറ്റിയാൽ എത് രീതിയിൽ പ്രതികരിക്കും എന്നത് ഷഹ്ബാസ് ഷരീഫ് സർക്കാരിന് മുന്നിൽ ഉത്തരം കിട്ടാത്ത ചോദ്യമായി അവശേഷിക്കുകയാണ്. കഴിഞ്ഞ ബുധനാഴ്ച പാകിസ്ഥാനും ഐഎംഎഫും തമ്മിൽ ഇത് സംബന്ധിച്ച ചർച്ചകൾ പൂർണമായിരുന്നു. ആ ചർച്ചയിലും ഐഎംഎഫ് അധികൃതർ ഏറ്റവും കൂടുതൽ മുൻതൂക്കം കൊടുത്തത് ഇന്ധന സബ്സിഡി നിർത്തലാക്കുന്നതും വിദേശ രാജ്യങ്ങളുമായി കൂടുതൽ വാണിജ്യ ബന്ധങ്ങൾ സൃഷ്ടിക്കുന്നതിനുമായിരുന്നു. രണ്ടാമത്തേത് പാകിസ്ഥാന് താരതമ്യേന എളുപ്പമായിരിക്കും എങ്കിലും ഇന്ധന സബ്സിഡി നിർത്തലാക്കുക എന്നത് അത്ര നിസാരമായിരിക്കില്ല.
എന്നാൽ ഇത്തരത്തിൽ ഇന്ധന സബ്സിഡി നിർത്തലാക്കിയ രാജ്യമാണ് ഇന്ത്യ. 2010ൽ പെട്രോളിനും 2014ൽ ഡീസലിനും സബ്സിഡി നിർത്തലാക്കിയ ഇന്ത്യ പിൽക്കാലത്ത് പടിപടിയായി എൽപിജി സബ്സിഡിയും അവസാനിപ്പിച്ചിരുന്നു. എന്നാൽ ഈ മാസം പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സിലിണ്ടറിന് 200 രൂപ വച്ച് പരമാവധി പന്ത്രണ്ട് സിലിണ്ടറുകൾക്ക് സബ്സിഡി നൽകാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിരുന്നു.