
കീവ് : ഫെബ്രുവരി 24ന് റഷ്യൻ അധിനിവേധം ആരംഭിച്ചതിന് ശേഷം ആദ്യമായി തലസ്ഥാനമായ കീവ് മേഖലയ്ക്ക് പുറത്ത് യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി ഔദ്യോഗിക സന്ദർശനം നടത്തി. വടക്ക് - കിഴക്കൻ നഗരമായ ഖാർക്കീവിലെ മുൻനിര സൈനികരെയാണ് സെലെൻസ്കി ഇന്നലെ നേരിട്ട് സന്ദർശിച്ചത്. അതേ സമയം, സെലെൻസ്കി മടങ്ങി മണിക്കൂറുകൾക്ക് പിന്നാലെ ഖാർക്കീവിൽ നിരവധി സ്ഫോടന ശബ്ദങ്ങൾ കേട്ടതായി റിപ്പോർട്ട്. നഗരത്തിൽ നിന്ന് കറുത്ത വലിയ പുക ആകാശത്തേക്ക് ഉയർന്നെന്ന് ദൃക്‌സാക്ഷികൾ വെളിപ്പെടുത്തി.
അതേ സമയം, കിഴക്കൻ യുക്രെയിനിൽ റഷ്യൻ പോരാട്ടം രൂക്ഷമാകവെ മേഖലയിലെ തന്ത്രപ്രധാന നഗരമായ സെവെറോഡൊണെസ്‌കിലെ സ്ഥിതി ഗുരുതരമെന്ന് ലുഹാൻസ്‌കിലെ പ്രാദേശിക ഭരണകൂടം അറിയിച്ചു. തെരുവുകളിലെല്ലാം റഷ്യയുടെ ആക്രമണം തുടരുകയാണ്. പ്രദേശത്തെ 60ഓളം വീടുകൾ തകർന്നു. മദ്ധ്യ യുക്രെയിനിലെ ക്രൈവി നഗരത്തിലെ വൻ ആയുധ ശേഖരം തകർത്തെന്നും നിപ്രോയിൽ യുക്രെയിന്റെ എസ്.യു - 25 യുദ്ധവിമാനം വെടിവച്ച് വീഴ്ത്തിയെന്നും റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
മരിയുപോളിൽ നിന്ന് ലോഹ ഉത്പന്നങ്ങൾ കപ്പൽ മാർഗം റഷ്യയിലേക്ക് കടത്തുവെന്ന് യുക്രെയിൻ ആരോപിച്ചു. സൈന്യത്തിൽ ചേരാനുള്ള പ്രായപരിധി റഷ്യ പരിഷ്‌കരിച്ചു. ഇത് പ്രകാരം 40 വയസിന് മുകളിലുള്ള റഷ്യൻ പൗരന്മാർക്കും വിദേശികൾക്കും റഷ്യൻ സേനയിൽ ചേരാം.
ഫെബ്രുവരിയിൽ കീവിലേക്കുള്ള റഷ്യൻ സേനയുടെ പ്രവേശനം തടയാനായി ഡെമിഡിവ് ഗ്രാമത്തിൽ യുക്രെയിൻ സൈന്യം തകർത്ത ഡാം സൃഷ്ടിച്ച വെള്ളപ്പൊക്കം ഇപ്പോഴും ഗ്രാമത്തിൽ തുടരുന്നതായാണ് റിപ്പോർട്ട്. ഡസൻകണക്കിന് വീടുകൾ ഇപ്പോഴും പകുതി മുങ്ങിയ നിലയിലാണ്.