sperm

ലൈംഗികത ആസ്വദിക്കുന്നതിലും പ്രത്യുത്പാദനം നടക്കുന്നതിനും ബീജത്തിന്റെ അളവ് വഹിക്കുന്ന പങ്ക് വളരെ വലുതാണ്. എന്നാൽ ചിലരിൽ തന്നെയുള്ള ചില ജീവിതശൈലികളും ശീലങ്ങളും ബീജത്തിന്റെ അളവ് കുറയാൻ കാരണമാകുന്നു. കീമോതെറാപ്പിയും റേഡിയേഷനും പോലുള്ള ചികിത്സാരീതികൾ ബീജത്തിന്റെ അളവ് വളരെയറെ കുറയ്ക്കുമെങ്കിലും മോശം ജീവിതശൈലിയാണ് പലരിലും വന്ധ്യതയ്ക്ക് കാരണമാകുന്നത്. ഇതിനുപുറമേ മാനസിക പിരിമുറുക്കം, പുകയില, മദ്യപാനം എന്നിവയും വന്ധ്യതയ്ക്ക് കാരണമാകുന്നുണ്ട്. പുരുഷന്മാരിൽ പ്രായമാകുന്തോറും ബീജത്തിന്റെ എണ്ണവും ഗുണനിലവാരവും ക്രമേണ കുറയാറുണ്ട്. ക്ലമീഡിയ, ഗൊണോറിയ തുടങ്ങിയ ചില ലൈംഗിക രോഗങ്ങളും പുരുഷ വന്ധ്യതയിലേക്ക് നയിച്ചേക്കാം.

ജനനേന്ദ്രിയ ശുചിത്വം പാലിക്കുകയെന്നതാണ് അണുബാധ ഒഴിവാക്കാനുള്ള ഏറ്റവും എളുപ്പമായ മാർഗം. സുരക്ഷിതമായ ലൈംഗിക ബന്ധം ഉറപ്പ് വരുത്തുകയെന്നതാണ് ഇതിൽ പ്രധാനം. ഒന്നിലധികം പങ്കാളികളെ ഒഴിവാക്കുകയും എസ്ടിഐഡി പരിശോധനകൾ നടത്തുകയെന്നതും മതിയായ പ്രതിരോധ നടപടികൾ സ്വീകരിക്കുക എന്നതുമാണ് ഇതിനുള്ള പരിഹാരമാർഗങ്ങൾ.

മദ്യത്തിന്റെയും പുകയിലയുടെയും ഉപയോഗവും പുരുഷവന്ധ്യതയ്ക്ക് കാരണമാകുന്ന ഘടകങ്ങളാണ്. അമിത മദ്യപാനം പുരുഷ ഹോർമോണായ ടെസ്റ്റോസ്റ്റിറോൺ, ഫോളിക്കിൾ സ്റ്റിമുലേറ്റിംഗ് ഹോർമോൺ, ല്യൂട്ടിനൈസിംഗ് ഹോർമോൺ എന്നിവയുടെ അളവ് കുറയ്ക്കും. ബീജ ഉത്പാദനം കുറയാനും ഇത് കാരണമായി തീരും. പുകവലി ബീജങ്ങളുടെ ചലനശേഷി കുറയുന്നതിനും അവയുടെ ആകൃതിയിലും ഡിഎൻഎയിലും കേടുപാടുകൾ ഉണ്ടാക്കുന്നതിനും കാരണമായി തീരും.
ആരോഗ്യകരമായ ഭക്ഷണം, നല്ല ഉറക്കം, വ്യായാമം എന്നിവ ബീജോത്പാദനത്തെ സഹായിക്കുന്ന ഘടകങ്ങളാണ്. മതിയായ ആന്റിഓക്സിഡന്റുകളുള്ള ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നത് ആരോഗ്യകരമായ ജീവിതശൈലി നയിക്കുന്നതിനും ബീജത്തിന്റെ ഗുണനിലവാരം നിലനിർത്തുന്നതിനും സഹായിക്കുന്നു. പതിവായി വ്യായാമം ചെയ്യുക, ശാരീരികമായി സജീവവും ആരോഗ്യകരമായ ജീവിതശൈലിയും ബീജങ്ങളുടെ എണ്ണം വർദ്ധിപ്പിക്കും.