
ന്യൂഡൽഹി : പഞ്ചാബി ഗായകനും കോൺഗ്രസ് നേതാവുമായ സിദ്ദു മൂസേവാലയുടെ കൊലപാതകത്തിന് പിന്നാലെ എ.എ.പി സര്‍ക്കാരിന് എതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം. സിദ്ദുവിന്റെ കൊലപതാകം സ്റ്റേറ്റ് സ്‌പോൺസേർഡ് കൊലപാതകമാണെന്ന് അകാലിദൾ നേതാവ് ദൽജിത് സിംഗ് ചീമ ആരോപിച്ചു. ആദ്യം 400 പേരുടെ സുരക്ഷ പിൻവലിച്ചു. എന്നിട്ട് അവരുടെ വിവരങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം പ്രസിദ്ധീകരിച്ചു. ഇത് കുറ്റകരമായ അശ്രദ്ധയാണെന്നും മുഖ്യമന്ത്രി രാജിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. .
കെജ‌്‌രിവാളിന്റെയും മുഖ്യമന്ത്രി ഭഗവന്ത് മാനിന്റെയും വൃത്തികെട്ട രാഷ്‌ട്രീയമാണ് സിദ്ദുവിന്റെ കൊലപാതകത്തിന് കാരണമായതെന്ന് ബി.ജെ.പി നേതാവ് മൻജിന്തർ സിംഗ് സിർസ ആരോപിച്ചു. പ്രമുഖരുടെ സുരക്ഷ പിൻവലിക്കുന്നതും വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നതും അപകടകരമാണെന്ന് മുന്നറിയിപ്പ് നൽകിയിരുന്നതായും അദ്ദേഹം പറഞ്ഞു. സിദ്ദുവിന്റെ കൊലപാതകം ഞെട്ടിച്ചെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും പ്രതികരിച്ചിരുന്നു.
അതേസമയം സംഭവത്തിൽ പഞ്ചാബ് മുഖ്യമന്ത്രിയുമായി സംസാരിച്ചതായി എ.എ.പി കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിനമ്ദ് കെജ്‌രിവാൾ പറഞ്ഞു. കുറ്റക്കാർ ശിക്ഷിക്കപ്പെടുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ പ്രതികരിച്ചു.
സിദ്ദു മൂസെവാലെ ഉൾപ്പെടെ 424 പ്രമുഖരുടെ സുരക്ഷ കഴിഞ്ഞ ദിവസമാണ് പഞ്ചാബ് സർക്കാർ പിൻവലിച്ചത്. ഇതിന് പിന്നാലെയായിരുന്നു സിദ്ദുവിനെ വെടിവച്ച് കൊലപ്പെടുത്തിയത്.