ipl

അഹമ്മദാബാദ്: സഞ്ജു സാംസണിന്റെയും കൂട്ടരുടെയും സ്വപ്നങ്ങൾ തച്ചുടച്ച് കന്നി ഐപിഎൽ സീസണിൽതന്നെ കിരീടം നേടി ഹാർദിക് പാണ്ഡ്യയുടെ ഗുജറാത്ത് ടൈറ്റാൻസ്. ഇന്നലെ നടന്ന ഫൈനലിൽ ഏഴ് വിക്കറ്റിനാണ് ടൈറ്റാൻസ് രാജസ്ഥാൻ റോയൽസിനെ മറികടന്നത്. അഹമ്മദാബാദിൽ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാൻ റോയൽസിനെ നിശ്ചിത 20 ഓവറിൽ 130/9 എന്ന സ്കോറിലൊതുക്കുകയായിരുന്നു ഗുജറാത്ത്. മറുപടി ബാറ്റിംഗിൽ മൂന്ന് വിക്കറ്റുകൾ മാത്രം നഷ്ടപ്പെടുത്തി അവർ ലക്ഷ്യത്തിലെത്തുകയും ചെയ്തു.

മറുപടിക്കിറങ്ങിയ ഗുജറാത്തിന് തുടക്കത്തിൽ സാഹ(5),വേഡ് (8) എന്നിവരെ നഷ്ടമായെങ്കിലും നായകൻ ഹാർദിക് പാണ്ഡ്യ(34),ശുഭ്മാൻ ഗിൽ(45നോട്ടൗട്ട് ),ഡേവിഡ് മില്ലർ(32നോട്ടൗട്ട് ) എന്നിവരുടെ പോരാട്ടം 11 പന്തുകൾ ബാക്കിനിൽക്കേ വിജയത്തിലെത്തിച്ചു. മികച്ച ബൗൺസ് ഉണ്ടായിരുന്ന പിച്ചിൽ പ്രസീദ്, ബൗൾട്ട്, മകക്കോയി എന്നിവരടങ്ങിയ പേസ് നിര മികച്ച രീതിയിലാണ് രാജസ്ഥാന് വേണ്ടി പന്തെറിഞ്ഞത്. വലങ്കൈയൻ ബാറ്റർമാർക്കെതിരെ യുസ്‌വേന്ദ്ര ചാഹലിന്റെ സ്പിന്നും ഫലപ്രദമായിരുന്നു. എന്നാൽ അശ്വിൻ പന്തെറിയാൻ എത്തിയപ്പോഴായിരുന്നു രാജസ്ഥാന് പിഴച്ചത്. വലങ്കയ്യൻ ബാറ്റർമാരായ ഹാർദ്ദിക്ക് പാണ്ഡ്യയ്ക്കെതിരെയും ശുഭ്മാൻ ഗില്ലിനെതിരെയും അശ്വിന്റെ ഓഫ് സ്പിൻ വേണ്ട ഫലം ചെയ്തില്ല. കൂട്ടിന് രാജസ്ഥാൻ താരങ്ങളുടെ ഫീൽഡിംഗ് പിഴവുകൾ കൂടിയായിപ്പോൾ സഞ്ജുവും കൂട്ടരും പരാജയം ഏതാണ്ട് ഉറപ്പിച്ചു.

ഐപിഎല്ലിൽ ടോസിലെ ഭാഗ്യം സഞ്ജുവിനെ കാര്യമായി തുണച്ചിരുന്നില്ല. എന്നാൽ ഫൈനലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ സഞ്ജുവിനെ ടോസിലെ ഭാഗ്യം തുണയ്ക്കുകയും ചെയ്തു. ഇതുവരെ ടൂർണമെന്റിൽ സ്കോർ പ്രതിരോധിക്കുന്നതിൽ രാജസ്ഥാനുള്ള മികച്ച റെക്കാ‌ഡ് കാരണമായിരിക്കണം സഞ്ജു ബാറ്റിംഗ് തിരഞ്ഞെടുക്കുകയും ചെയ്തു.

എന്നാൽ സഞ്ജുവിന്റെ ആ തീരുമാനം പിഴച്ചോ എന്ന സംശയം ഉണർത്തിയാണ് രാജസ്ഥാൻ റോയൽസിന്റെ ബാറ്റിംഗ് നിര തകർന്നു വീണത്. ബൗളർമാരെ വേണ്ട രീതിയിൽ ഉപയോഗിച്ച ഗുജറാത്ത് നായകൻ ഹാർദ്ദിക് പാണ്ഡ്യയുടെ മികവിന് മുന്നിൽ രാജസ്ഥാൻ ബാറ്റിംഗ് തകർന്നടിയുകയായിരുന്നു.

ഓപ്പണർമാരായ യശസ്‌വി ജയ്സ്വാളും ജോസ് ബട്ടലറും മികച്ച തുടക്കം നൽകിയെങ്കിലും സഞ്ജു ഉൾപ്പെട്ട മറ്ര് താരങ്ങൾക്ക് ആ തുടക്കം മുതലാക്കാൻ സാധിച്ചില്ല. 16 പന്തിൽ 22 റൺസെടുത്ത ജയ്സ്വാളും 35 പന്തിൽ 39 റൺസെടുത്ത ബട്ട്ലറും പുറത്തായതോടെ രാജസ്ഥാൻ ബാറ്റർമാർ ഒന്നിനു പിറകേ ഓരോരുത്തരായി കൂടാരം കയറുകയായിരുന്നു. 11 പന്തിൽ 14 റൺസ് മാത്രമായിരുന്നു സഞ്ജുവിന്റെ സമ്പാദ്യം.

നാല് ഓവറിൽ 17 റൺസ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റുകളെടുത്ത ഗുജറാത്ത് നായകൻ ഹാർദ്ദിക് പാണ്ഡ്യ തന്നെയാണ് ബൗളിംഗിൽ മികച്ചു നിന്നത്. സായി കിഷോർ രണ്ട് വിക്കറ്റും റാഷിദ് ഖാൻ, യഷ് ദയാൽ, മുഹമ്മദ് ഷമി എന്നിവർ ഓരോ വിക്കറ്റുകളും എടുത്തു.